ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു. ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആർഒ  മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി)  ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു ബഹിരാകാശ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

സി.എം. കൃഷ്ണസ്വാമി അയ്യരുടെയും  വിശാലാക്ഷിയുടെയും  മകനായി  1940 ഒക്ടോബർ 24  ന്  അദ്ദേഹം ജനിച്ചത്.   തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ശ്രീ രാമ വർമ്മ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ സർവ്വകലാശാലയിൽ നിന്നും സയൻസിൽ ഓണേഴ്സ് ഡിഗ്രിയും ഫിസിക്സിൽ എംഎസ്സിയും കരസ്ഥമാക്കി. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നീ  മേഖലകളിലായി 240-ലധികം പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐഎസ്ആർഒയുടെ സുപ്രധാനമായ പല നാഴികക്കല്ലുകൾക്ക് അടിത്തറ പാകിയതും  ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയതും കസ്തൂരിരംഗൻ ചെയർമാനായ കാലത്താണ്. പിഎസ്എൽവി വിക്ഷേപണത്തിനും ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (ജിഎസ്എൽവി) ആദ്യത്തെ  പരീക്ഷണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.  ഐആർഎസ്-1സി, 1ഡി, ഇൻസാറ്റ് തുടങ്ങിയ പ്രധാന ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചതും അദ്ദേഹം മേധാവിയായ കാലത്താണ്.

ചെയർമാനാകുന്നതിന് മുമ്പ്  ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായാണ് അദ്ദേഹം  പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്  ഇൻസാറ്റ്-2 സീരീസ്, ഐ.ആർ.എസ്.-1എ, ഐ.ആർ.എസ്.-1ബി റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ബഹിരാകാശ പേടകങ്ങളും രാജ്യം വികസിപ്പിച്ചത്.