പി.എം. കിസാൻ സമ്മാൻ നിധി; വിവരങ്ങൾ പുതുക്കിയില്ല, 12 ലക്ഷം പേർക്ക് ആനുകൂല്യം നഷ്ടമാകും

വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ സീഡിങ്, ഇ-കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ പൂർത്തീകരിക്കാത്തതാണ് കാരണം.

മേയ് 16 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഇ-കെ.വൈ.സി. നൽകാൻ മാത്രം 12.32 ലക്ഷം പേർ ബാക്കിയുണ്ട്. 11.67 ലക്ഷം കർഷകർ ഭൂമിയുടെ വിവരങ്ങളും നൽകിയിട്ടില്ല . 3.70 ലക്ഷം പേർ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാനുമുണ്ട്. ഇവ പൂർത്തിയാക്കാത്തവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കഴിഞ്ഞ തവണകളിലും ഇവർക്ക് പണം കിട്ടിയിട്ടില്ല. കർഷകർക്ക് ആനുകൂല്യം നഷ്‌ടമാകാതിരിക്കാൻ കൃഷിവകുപ്പ് പ്രത്യേക കാമ്പയിനുകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

2018-ൽ തുടങ്ങിയ പി.എം. കിസാൻ സമ്മാൻ നിധിയിൽ കേരളത്തിൽ 37.55 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 2000 രൂപ വീതം വർഷത്തിൽ മൂന്നുഗഡുവായാണ് 6000 രൂപ നൽകുന്നത്. കൃത്യമായ വിവരങ്ങൾ നൽകിയവർക്ക് ഇതുവരെ 13 ഗഡു വിതരണംചെയ്തു. ഈമാസം മൂന്നാംവാരത്തോടെ അടുത്ത ഗഡു വരും. അതിനുമുൻപ് വിവരങ്ങൾ പുതുക്കാത്തവർക്ക് ആനുകൂല്യം കിട്ടില്ല.

15-നകം വിവരങ്ങൾ പുതുക്കണമെന്നായിരുന്നു നിർദേശമെങ്കിലും ഭൂരിപക്ഷംപേരും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും അവസരം നൽകും. തപാൽ ഓഫീസുകളിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേനയാണ് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാൻ സൗകര്യമേർപ്പെടുത്തിയത്. ഭൂമിയുടെ വിവരങ്ങൾ കൃഷിഭവനുകൾ വഴി നൽകാം. അക്ഷയ മുഖേനയാണ് ഇ-കെ.വൈ.സി. നൽകേണ്ടത്.