

സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ് അഭ്യർത്ഥിച്ചു. ഏത് വസ്ത്രം ധരിക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാവില്ല. ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ബുധനാഴ്ച ഖാദി ധരിക്കണമെന്നും രാജീവ് നിയമസഭയിൽ പറഞ്ഞു.
ഖാദിയുടെ ജി.എസ്.ടി ഒഴിവാക്കാൻ കേന്ദ്രത്തിന് കത്ത് നൽകി. 1000രൂപയ്ക്ക് താഴെയുള്ള ഉത്പന്നങ്ങൾക്ക് 5 ശതമാനവും, അതിനു മുകളിൽ 12 ശതമാനവുമാണ് ജി.എസ്.ടി. ഇത് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കണമെന്നാണ് കത്തിലുള്ളത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ മേളകളിൽ ഖാദി ഉത്പന്നങ്ങൾ വിറ്റു. ജർമ്മിനിയിലും വില്പനയ്ക്ക് സംവിധാനമൊരുക്കി. ഖാദി നൂൽ, നെയ്ക്കുപകരണങ്ങൾ എന്നിവയുടെ നവീകരണത്തിന് മദ്രാസ് ഐ.ഐ.ടിയുമായി ധാരണാപത്രം ഒപ്പിട്ടെന്നും കെ.പി. മോഹനന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.