വേനൽക്കാലത്ത് വീടുകൾ തുറന്നിടരുത്, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വേനൽ കടുത്തതൊടെ ഇഴജന്തുക്കളുടെ എണ്ണത്തിൽ വർദ്ധന. ചൂട് കൂടുമ്പോൾ കുഴികളിൽ നിന്ന് പുറത്തുവന്ന് തണുപ്പുതേടി വീടുകൾക്കുളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യമേറുന്നത്.

ഇതിന് പരിഹാരമെന്നോണമാണ് 2020 ആഗസ്റ്റിൽ വനംവകുപ്പ് ‘സർപ്പ’, മൊബൈൽ ആപ്ലിക്കേഷൻ (സ്നേക്ക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. ജനവാസ കേന്ദ്രങ്ങളിൽ അപകടകരമാകുന്ന രീതിയിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണം. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി ആപ്പിൽ അപ്പ് ലോഡ് ചെയ്താൽ പരിശീലനം ലഭിച്ച ടീമിന് സന്ദേശം എത്തുകയും ജി.പി.എസ് സംവിധാനത്തിലൂടെ കൃത്യമായ സ്ഥലം കണ്ടെത്തുകയും ചെയ്യും.

പാമ്പുകളെ പിടികൂടി അവയുടെ ആവാസവ്യവസ്ഥയിൽ കൊണ്ടുപോയിടുന്നതിന് പരിശീലനം ലഭിച്ച ഒട്ടേറെ വോളണ്ടിയർമാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ നമ്പർ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. വീട്ടമ്മമാരും ഓട്ടോതൊഴിലാളികളും അഭിഭാഷകരും കൂലിത്തൊഴിലാളികളും ബിസിനസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരുമെല്ലാം ഇതിൽ ഉൾപ്പെടും.

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്. പാമ്പിനെ കണ്ടെത്തിയാൽ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറുന്നതോടെ സന്ദേശങ്ങൾ റസ്ക്യൂവർക്ക് നോട്ടിഫിക്കേഷനായി ലഭിക്കും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ച് റെസ്ക്യൂവർ സ്ഥലത്തെത്തും. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും.

കഴിഞ്ഞ നാലുവർഷമായി മരണനിരക്ക് കുറവാണ്. പാമ്പിനെ എവിടെനിന്ന് പിടികൂടി, ഏതിനം പാമ്പ്, എവിടെ തുറന്നുവിട്ടു എന്ന വിവരങ്ങൾ ചിത്രങ്ങൾ സഹിതം അപ്ലോഡ് ചെയ്യും. ഇങ്ങനെ രേഖപ്പെടുത്തുന്നതിനാൽ ഒരുവർഷം ജനവാസ കേന്ദ്രത്തിൽ നിന്ന് എത്ര പാമ്പുകളെ പിടികൂടി തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും. പാമ്പ് പിടിത്തക്കാർക്ക് ലൊക്കേഷൻ സഹിതം വിവരം കൈമാറാൻ ആപ്പിലൂടെ കഴിയും. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുണ്ട്.

അറിയേണ്ടതെല്ലാം വിരൽത്തുമ്പിൽ

  • പാമ്പുകളെ കുറിച്ചുള്ള പൊതുവിവരങ്ങൾ
  • ആന്റിവെനം ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികൾ, ഫോൺ നമ്പർ
  • ബാഗ് ആൻഡ് പൈപ്പ് എന്ന ശാസ്ത്രീയ പാമ്പുപിടിത്ത വിദ്യയാണ് ഉപയോഗിക്കുന്നത്.
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യാം.