

കുട്ടികൾ ലഹരിയുടെ പിടിയിലകപ്പെട്ടെന്ന് രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടാൽ അങ്കലാപ്പായി. കുട്ടിയെ രക്ഷിക്കാൻ എന്തുചെയ്യും? പുറത്തറിഞ്ഞാൽ പോലീസ് അറസ്റ്റുചെയ്യുമോ, പഠനവും ഭാവിയും തകരില്ലേ, മറ്റുള്ളവർ ഒറ്റപ്പെടുത്തില്ലേ, ലഹരിവില്പനക്കാർ കുട്ടിയെ ആക്രമിക്കില്ലേ, എന്നുതുടങ്ങി സമാധാനം കെടുത്തുന്ന ചോദ്യങ്ങൾ കൂട്ടമായി മനസ്സിൽ പൊന്തുകയായി. അതോടെ വിവരം രഹസ്യമാക്കിവെക്കാനുള്ള തത്രപ്പാടായി.ഈ ‘രഹസ്യ’മാണ് ഒടുവിൽ കുട്ടിയെ ശരിയായ ജീവിതവഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാതെ പോകാനും കുടുംബം ഭയപ്പെട്ട സാഹചര്യങ്ങൾ ഒരോന്നായി വന്നുചേരാനും ഇടയാക്കുന്നത്. സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും മനോഭാവം മാറിയാൽ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് കോട്ടയം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എ ജെ തോമസ് പറയുന്നു.
പ്രിയപ്പെട്ട രക്ഷിതാക്കളേ, ധൈര്യപ്പെടൂ. മക്കളെ ലഹരിമുക്തരാക്കാൻ കൃത്യമായ സഹായവുമായി എത്താൻ ആളുണ്ട്.
ആരുമറിയാതെ…! കൗൺസലിങ്ങുമായി പോലീസ്
പോലീസ് ഇൻസ്പെക്ടർമാരെ രഹസ്യമായി അറിയിച്ചാൽ കൗൺസലിങ്ങും ഡോക്ടറുടെ സേവനവും ലഭ്യമാക്കും. സംസ്ഥാനത്തെവിടെനിന്നും 9995966666 എന്ന വാട്സാപ്പ് നമ്പരിൽ അറിയിക്കാം. കൃത്യമായ സ്ഥലവും വിലാസവും നൽകണം. ഒരു വിവരവും മറ്റൊരാളും അറിയില്ല. വനിതാ പോലീസ് കൗൺസലർമാർ നിങ്ങളുടെ അടുത്തെത്തും, കുട്ടികളുമായി സംസാരിക്കും. എല്ലാം രഹസ്യമായിരിക്കും.
എക്സൈസിനുണ്ട്, നേർവഴി
കുട്ടികളിലെ ലഹരി ഉപയോഗം തടയാന് എക്സൈസിനുണ്ട് ‘നേർവഴി’ പദ്ധതി. 2022 നവബറിലായിരുന്നു ഇതിന്റെ തുടക്കം. ഒരു വർഷം 250-300 കുട്ടികളെ എക്സൈസ് നേർവഴിയിൽ മടക്കിയെത്തിക്കുന്നുണ്ട്.
രക്ഷിതാക്കൾക്കും അധ്യാപകർക്കും 9656178000 എന്ന നമ്പരിലോ, 14405 എന്ന ടോൾ ഫ്രീ നമ്പറിലൊ വിളിക്കാം. തിരുവനന്തപുരത്ത് എക്സൈസ് കമ്മിഷണറേറ്റിൽ സ്ഥാപിച്ചിട്ടുള്ള ഈ നമ്പരിൽ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. അവടെനിന്ന് ജില്ലാ വിമുക്തി മാനേജർക്ക് വിവരം കൈമാറും. മാനേജർ നൽകുന്ന നിർദേശപ്രകാരം ഉദ്യോഗസ്ഥർ കുട്ടിയെയും രക്ഷിതാക്കളെയും കാണും. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഉദ്യോഗസ്ഥരെത്തി കുട്ടികളെകണ്ട് സംസാരിച്ച്, കൗൺസിലിങ്ങുൾപ്പെടെ തുടർനടപടി സ്വീകരിക്കും. എല്ലാം രഹസ്യമായാണ് ചെയ്യുക.
ഓർക്കുക, രഹസ്യം സംരക്ഷിക്കില്ല. രക്ഷിതാക്കളുടെ ധൈര്യമാണ് കുഞ്ഞുങ്ങളെ രക്ഷിക്കുക.