

സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. ഇതിനായി ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റില്‍ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്.
നിലവില്‍ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നല്‍കുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലില്‍ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നല്‍കിയിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തില്‍ ആര്‍സി ബുക്ക് ലഭിക്കും.
വാഹനങ്ങള്‍ കൈമാറ്റം ചെയ്ത ശേഷവും ആര്‍സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കാനായി വാഹന ഉടമകള്‍ ഈ മാസം തന്നെ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനം വാങ്ങിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. ശേഷം വാഹന ഉടമയ്ക്ക് പരിവാഹന്‍ സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലേഡ് ചെയ്‌തെടുക്കാം.
വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും ഡിജിറ്റലൈസ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ബാങ്കുകള്‍ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പരിവാഹന്‍ സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം. പരിവാഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ ഇന്ന് മുതല്‍ വാഹന രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷന്‍ നടക്കുകയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എല്ലാ വാഹന ഉടമകളും ആര്‍സി ബുക്ക് ആധാറില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നേരത്തെ ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ഉടമയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ മാറ്റാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.