അമിതവിലയും പൂഴ്‌ത്തിവയ്പും തടയാൻ കലക്ടർ വി വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നൂറ്റിയെട്ട് വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി.
വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പാക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യു, പോലീസ് എന്നിവയുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
പല കടകളിലും ഭക്ഷ്യസുരക്ഷാ ലൈസൻസ് പുതുക്കിയിട്ടില്ലായിരുന്നു. അഞ്ച് താലൂക്കുകളിൽ ആറ് സ്‌ക്വാഡായി തിരിഞ്ഞായിരുന്നു ജില്ലയിലെ പരിശോധന. ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസർമാരും പങ്കെടുത്തു.
കോട്ടയം താലൂക്കിൽ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന. മുപ്പത്തിയഞ്ച് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 ക്രമക്കേടുകൾ കണ്ടെത്തി. ഒരു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കി. പതിനേഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചങ്ങനാശേരി താലൂക്കിൽ നാല് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നോട്ടീസ് നൽകി. കാഞ്ഞിരപ്പള്ളിയിൽ 14 സ്ഥാപനങ്ങൾക്കും മീനച്ചിൽ താലൂക്കിൽ ഏഴു സ്ഥാപനങ്ങൾക്കും വൈക്കം താലൂക്കിൽ ഏഴു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.