സൂര്യാഘാതവും സൂര്യാതപവും ഒട്ടും നിസാരമല്ല, സ്വയംചികിത്സ അപകടം

സൂര്യാഘാതവും സൂര്യാതപവും പലപ്പോഴും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ രണ്ട് അവസ്ഥകള്‍ തന്നെയാണ്. അതു തിരിച്ചറിയണം…….

സൂര്യാഘാതം (സൺ ബേൺ)

ഇത് ഏൽക്കാറുള്ളത് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ താപം പുറത്തുപോകാൻ തടസ്സമുണ്ടാകും. അതോടെ ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഇത് ഗുരുതരമായ അവസ്ഥയാണ്. തലവേദന, ദേഹത്ത് ചൂടുകൂടൽ, പേശീവലിവ്, കടുത്ത ക്ഷീണം, ശ്വസനം മെല്ലെയാകൽ, ബോധക്ഷയം മുതലായവയാണ് ലക്ഷണം.

സൂര്യാഘാതം: മുൻകരുതലുകൾ

. ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.

. ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.

.     സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക് മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.

. കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.

. വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.

ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.

. വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.

. വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.

* ചർമസംരക്ഷണത്തിനായി നിലവാരമുള്ള സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണം.

* പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം.

* യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.

* അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശുശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാൽ ഉടനടി സ്വീകരിക്കേണ്ട മാർഗങ്ങൾ

. സൂര്യാഘാതം, സൂര്യതാപം എന്നിവയേറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

* ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കുക.

. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക.

* ഫാൻ, എ.സി. അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക

* ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം.

* ഫലങ്ങളും സാലഡുകളും കഴിക്കുവാൻ നൽകുക

* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.

സൂര്യാതപം സംഭവിക്കുന്നത് ശരീരം വിയർത്ത് ജലാംശവും ലവണങ്ങളുമെല്ലാം നഷ്ടമാകുമ്പോഴാണ്. നിർജലീകരണം കാരണം ശരീരത്തിൽ ചുവന്ന പാടുകൾ, പൊള്ളൽ, നീറ്റൽ ഒക്കെയുണ്ടാകും. ഇതിലും ക്ഷീണവും തലവേദനയും തലകറക്കവുമെല്ലാം ഉണ്ടാകാം. രണ്ടു സാഹചര്യത്തിലും രോഗിയെ തണുപ്പിക്കാൻ ശ്രമിക്കണം.

നനച്ച തുണി ഉപയോഗിക്കാം, ഫാൻ ഇട്ടുകൊടുക്കാം. വെള്ളം നന്നായി കുടിപ്പിക്കണം. പരമാവധി വേഗം വൈദ്യസഹായം തേടുകയും വേണം. നിർജലീകരണത്തിന് ഒ.ആർ.എസ്. ലായനി ഉത്തമമാണ്. കടുത്തചൂടുള്ള സമയത്തെ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്വയംചികിത്സ അപകടംചെയ്യും.