ട്രാപ്‌ കേസുകളിൽ റെക്കോഡ്‌ നേട്ടം; അഴിമതിമുക്ത കേരളത്തിലേക്ക്‌ പുതുചുവട്

അഴിമതിക്കാരെ കണ്ടെത്താനായി വിജിലൻസ്‌ നടത്തുന്ന ട്രാപ്‌ കേസുകളുടെ എണ്ണത്തിൽ വർഷത്തിന്റെ ആദ്യപാതി പിന്നിട്ടപ്പോൾ റെക്കോഡ്‌ നേട്ടം. ജൂൺ 30 വരെ 33 ട്രാപ്‌ കേസാണുള്ളത്‌. വീടുകളിലും ഓഫീസുകളിലും മിന്നൽ പരിശോധന നടത്തിയാണ്‌ വിജിലൻസ്‌ അഴിമതിക്കാർക്ക്‌ ‘ട്രാപ്‌’ ഒരുക്കുന്നത്‌.

ഒമ്പതു വർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ പിടിച്ചത്‌ 2022ലായിരുന്നു. 47 കേസാണ്‌ കഴിഞ്ഞവർഷം പിടിച്ചതെങ്കിൽ ഇക്കൊല്ലം പകുതി പിന്നിടുമ്പോഴേക്ക്‌ ഈ സംഖ്യയോട്‌ അടുത്തു. 2015ലും 16ലും 20 കേസ്‌ വീതമാണുണ്ടായിരുന്നത്‌. 2017ൽ 21, 2018ൽ 16, 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയായിരുന്നു.

ഈ വർഷം 46 രഹസ്യാന്വേഷണവും 43 പ്രാഥമികാന്വേഷണവും 42 വിജിലൻസ്‌ അന്വേഷണവും 489 മിന്നൽ പരിശോധനയുമാണുണ്ടായത്‌. അനധികൃത സ്വത്ത്‌ സമ്പാദനത്തിൽ 93 കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. മുൻവർഷങ്ങളിൽ യഥാക്രമം 82ഉം 79ഉം ആയിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള 5279 പരാതിയാണ്‌ പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ചത്‌.

വിളിക്കാം വിജിലൻസിനെ

അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അറിയിക്കണമെന്ന്‌ വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം പറഞ്ഞു. ടോൾ ഫ്രീ നമ്പർ: 1064. വാട്ട്‌സ്ആപ്പ്‌: 9447789100.