കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

കനത്തചൂടിൽ പൊള്ളിയ കുപ്പി വെള്ളം കുടിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റമാണ് വില്ലൻ. വെയിലത്തും കാറിനുള്ളിലും സൂക്ഷിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസമുണ്ടാകാൻ കാരണം പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമാണ്. വെള്ളത്തിനൊപ്പം പ്ലാസ്റ്റികും ഉള്ളിൽ ചെല്ലും. ഇത് മാരക രോഗങ്ങൾക്ക് ഇടയാക്കും. വെയിലേറ്റ് ചൂടായ വെള്ളം പെട്ടെന്ന് ഫ്രിഡ്ജിലേക്ക് വച്ച് തണുപ്പിച്ചാണ് തരുന്നത്. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് രോഗങ്ങൾക്കു വഴിതെളിക്കും. സ്ഥിരമായി കുപ്പി വെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കുപ്പി വെള്ളത്തിനായുള്ള കുപ്പികൾ നിർമ്മിക്കുന്നത്. കുപ്പി നിർമ്മാണം ലാഭകരമാക്കാൻ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ചേർക്കും. ശുദ്ധമായ പ്ലാസ്റ്റിക്കാണെങ്കിൽ കൂടി ചൂടേറ്റാൽ ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കും. ഇത്തരം കുപ്പിവെളും വെയിലേൽക്കുമ്പോൾ ചൂടായി പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങും. പ്രത്യക്ഷത്തിൽ കണ്ടെത്താൻ കഴിയില്ല. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബൽ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോൾ പശയും നേരിയ തോതിൽ വെള്ളത്തിൽ ആഗിരണം ചെയ്യപ്പെടും.

ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെളും കടകളിൽ നിന്ന് പിടിച്ചെടുത്തല്ല, ഗുണമേന്മ പരിശോധന നടത്തുന്നത്. ഗോഡൗണിൽ നിന്നാണ്. ഇതിനാൽ കുപ്പി വെള്ളത്തിലെ കുഴപ്പം കണ്ടെത്താൻ കഴിയില്ല.

അതേസമയം, കുപ്പി വെള്ളം വിതരണം ചെയ്യേണ്ടത് മൂടിയുള്ള വാഹനങ്ങളിൽ ആയിരിക്കണമെന്നും തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോൾ വെയിലേൽക്കരുത് എന്നും നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

“വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചിട്ടുണ്ട്.