

കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താവളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനിക്കരയാണ് തൊട്ടുതാഴെ. 36.4 ഡിഗ്രി സെൽഷ്യൽസാണ് വെള്ളാനിക്കരയിലെ ഉയർന്ന താപനില.
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂലിലാണ്. 37.8 ഡിഗ്രി സെൽഷ്യസ്. രണ്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളത്തിലെ താപനില.
ഇടുക്കി, വയനാട്, ആലപ്പുഴയൊഴികെയുള്ള ജില്ലകളിൽ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രേഖപ്പെടുത്താറുള്ള തീവ്രമായ ചൂടാണ് ഇത്തവണ ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ അനുഭവപ്പെടുന്നത്. ഉയർന്ന ചൂട് മെയ് പകുതിവരെയെങ്കിലും നീളുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.
പകൽസമയങ്ങളിൽ വെയിൽ നേരിട്ടേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്നവർക്ക് പകൽ 12 മുതൽ മൂന്നുവരെ വിശ്രമമേള അനുവദിക്കണമെന്ന് നിർദേശമുണ്ട്.