

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാൻ പുതിയ ഇന്‍റനെറ്റ് ഡൊമൈൻ അവതരിപ്പിച്ച് റിസർവ് ബാങ്ക്. നിലവിൽ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങൾക്കെല്ലാം ഫിൻ ഡോട്ട് ഇൻ ( fin.in ) എന്ന ഇന്റർനെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.
ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈൻ ഉപയോഗിക്കുന്നുണ്ട്. ഇതിൽനിന്ന് ബാങ്കുകളിൽ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാർഥ ബാങ്കിൻ്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഡൊമൈൻ. ഇനി മുതൽ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇൻ ( bank.in) എന്ന ഡൊമൈനിലേക്ക് മാറണം
2025 ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും. ഈ ഇൻറർനെറ്റ് ഡൊമൈൻ അംഗീകൃത ബാങ്കുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്ക് ഡോട്ട് ഇൻ എന്ന ഡൊമൈൻ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഉപയോക്താക്കൾക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കും. ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകളുപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം. യഥാർഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാൻ ഈ രീതി സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓൺലൈൻ പണമിപാടുകൾക്ക് അഡീഷണൽ ഫാക്‌ടർ ഓതന്റിക്കേഷൻ ( എ.എഫ്.എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏർപ്പെടുത്തും. ഓൺലൈൻ ബാങ്കിങ് കൂടുതൽ കർശനമായ സുരക്ഷ ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയിൽ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കാം. ബാങ്കുകളും ബാങ്കുകളല്ലാത്ത ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) നിരന്തരം സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങളിൽ പണം നഷ്‌ടപ്പെടുന്നത് തിരികെ പിടിക്കാനുമുള്ള സംവിധാനം കുറ്റമറ്റതാക്കണം. തുടർച്ചയായി ഇവ പരിശോധിച്ചുറപ്പിക്കുകയും ചെയ്യണമെന്നാണ് ആർ.ബി.ഐ. ഗവർണർ പറയുന്നത്.