

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ധന ഞെരുക്കം സർക്കാർ ജനങ്ങളോട് തുറന്നുപറഞ്ഞതായി വിവരിച്ച ബജറ്റ് പ്രസംഗം, സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്ന് പറഞ്ഞ കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ വിമർശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്കാണ്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.