വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകാതെ നോക്കണേ..

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോ​ഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. വിലപിടിപ്പുള്ള ഫോറിൻ ക്രീമുകൾ ഉൾപ്പെടെ ഉപയോ​ഗിക്കുന്നവർ അതിന്റെ ദോഷവശം പലപ്പോഴും അറിയാതെ പോകുന്നു.

പെട്ടെന്ന് വെളുക്കണമെന്ന് വിചാരിച്ചാണ് പലരും ചില ക്രീമുകൾ വാരിപുരട്ടുന്നത്. സാധാരണ നിലയിൽ ഒരു ക്രീം ഉപയോ​ഗിച്ച്, 21 ദിവസത്തിന് ശേഷമാണ് മുഖത്ത് ചെറിയ മാറ്റമെങ്കിലും ഉണ്ടാകുന്നത്. ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ വെളുക്കുമെന്ന് പരസ്യം ചെയ്യുന്ന ക്രീമുകളിൽ മെർക്കുറി പോലുള്ള കെമിക്കൽസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിറത്തിൽ മാറ്റം ഉണ്ടാക്കുന്നു. എന്നാൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരക രോ​ഗങ്ങൾക്ക് കാരണമാകും. കൂടാതെ ചർമത്തിന്റെ സ്വാഭാവിക നിറം മങ്ങാനും സാധ്യതയുണ്ട്. മുഖത്ത് കുരുക്കളും പാടുകളും വരുന്നതോടൊപ്പം കരുവാളിപ്പ് ഉണ്ടാകും.

മുഖകാന്തിക്കും ചർമ സംരക്ഷണത്തിനും ചർമം എപ്പോഴും വൃത്തിയാക്കി വയ്‌ക്കുക എന്നതാണ് ഏക ഉപാധി. കൊഴുപ്പ് അടിങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എണ്ണയിൽ വറുക്കുന്ന ആ​ഹാരങ്ങൾ കഴിക്കുന്നത് മുഖക്കുരു ഉണ്ടാകാൻ കാരണമാകും. പരമാവധി ആഹാരക്രമത്തിലൂടെ ചർമം സംരക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ടത്.