സ്വർണവില   അടുത്തകാലത്തെങ്ങും  കുറയുമെന്ന പ്രതീക്ഷയേ  വേണ്ട, 63000 കടന്ന് സ്വര്‍ണവില

സാധാരണക്കാരെ ഉൾപ്പടെ ആശങ്കയിലാക്കി സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 63,240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,905 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,624 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 62,480 രൂപയായിരുന്നു. ഒരു വർഷം കൊണ്ട് പവന് 16,000 രൂപയാണ് കൂടിയത്.

ജനുവരി 20ന് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റതോടെ ഒരു പവൻ സ്വർണത്തിന് 2,880 രൂപയാണ് വർദ്ധിച്ചത്. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയുള്ള പ്രഖ്യാപനം സ്വർണവിലയെയും സ്വാധിനിച്ചിട്ടുണ്ട്. ഡോളറിൻ്റെ മൂല്യം വർദ്ധിക്കുന്നതും സ്വർണവില വർദ്ധനവിന് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2819 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം. വരുന്ന ദിവസങ്ങളിൽ ഇത് 2870 ഡോളർ വരെ വില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 107,000 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 106,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.