

സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (ASER- അസർ) പ്രകാരം ഡിജിറ്റൽ സാക്ഷരതയിൽ ‘ഫസ്റ്റ്’ വാങ്ങി കേരളത്തിലെ വിദ്യാർഥികൾ. വിദ്യാർഥികൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. കേരളത്തിൽ 98.1% വിദ്യാർഥികളുടെ വീടുകളിലും മൊബൈൽ ഫോണുണ്ട്. തൊട്ടുപിന്നിലുള്ളത് മിസോറം (97.9%).
വായനശേഷിയിൽ ഇടക്കാലത്തുണ്ടായിരുന്ന ഇടിവ് പരിഹരിച്ച് കേരളം നില മെച്ചപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന 44.4% വിദ്യാർഥികൾക്കും രണ്ടാം ക്ലാസ് പുസ്തകം വായിക്കാനാകുന്നുണ്ട്. 2022 ൽ ഇത് 31.6% ആയിരുന്നു; 2018ലെ 43.4% എന്ന തോതിനെക്കാൾ മെച്ചമാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥിതി. ഈ വിഭാഗത്തിൽ കേരളം രാജ്യത്ത് രണ്ടാമതാണ്. ഹിമാചൽ പ്രദേശ് (46.6%) ആണ് ഒന്നാം സ്ഥാനത്ത്.
അതേസമയം, ഗണിതശേഷിയിൽ കേരളത്തിന്റെ നില ആശാവഹമല്ല. സർക്കാർ സ്കൂളുകളിൽ അക്കങ്ങൾ കുറയ്ക്കാൻ അറിയുന്ന മൂന്നാം ക്ലാസ് വിദ്യാർഥികൾ 2022ൽ 32.7% ആയിരുന്നെങ്കിൽ ഇപ്പോൾ 26.9% ആയി കുറഞ്ഞു. 2018ൽ 44.3% ആയിരുന്നു. ദേശീയ ശരാശരി 2022ൽ 20.2% ആയിരുന്നത് ഇപ്പോൾ 27.6% ആയി വർധിച്ചിരിക്കെയാണ് കേരളത്തിലെ ഇടിവ്.
അഞ്ചാം ക്ലാസിൽ ഹരണം അറിയാവുന്നവരുടെ എണ്ണത്തിലും കേരളത്തിൽ ഗണ്യമായ ഇടിവുണ്ട്. 2022ൽ 20.2% ആയിരുന്നത് ഇപ്പോൾ 12.4% ആയി. 2018ൽ ഇത് 33.3% ആയിരുന്നു. ഈ വിഭാഗത്തിലും ദേശീയതലത്തിൽ നില മെച്ചപ്പെട്ടിട്ടുണ്ട്