ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം

38-ാം ​ദേശീയ ഗെയിംസിൽ ആദ്യ സ്വർണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തിൽ സുഫ്‌നാ ജാസ്മിനാണ് സ്വർണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ വേലുപാടം സ്വദേശിയാണ്. സർവകലാശാല മത്സരങ്ങളിൽ ദേശീയ റെക്കോർഡിന് ഉടമയായ തരാം കൂടിയാണ് സുഫ്ന

നാടകീയ രംഗങ്ങളാണ് സുഫ്‌നയുടെ മത്സരത്തിനിടെ അരങ്ങേറിയത്. മത്സരത്തിന് മുൻപുള്ള ഭാരപരിശോധനയിൽ സുഫ്‌നയ്‌ക്ക് ആവശ്യമായതിനേക്കാൾ 150 ഗ്രാം ഭാരം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുടിമുറിച്ച് ഭാരം കുറച്ച ശേഷമാണ് സുഫ്‌നയെ മത്സരിക്കാൻ അനുവദിച്ചത്.

അതേസമയം വനിതാ വിഭാഗം ബീച്ച് ഹാൻഡ് ബോളിൽ കേരളത്തിന്റെ ടീം അസമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഫൈനലിൽ കടന്നു. കഴിഞ്ഞദിവസം 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സജൻ പ്രകാശ് കേരളത്തിനായി വെങ്കല മെഡൽ നേടിയിരുന്നു.