കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസമിറങ്ങിയ യുജിസി വിജ്ഞാപനം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുജിസിയുടെ വിശദീകരണം.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുളള നേരിട്ടുളള റിക്രൂട്ട്മെന്റിന്റെ ഏറ്റവും കുറഞ്ഞ യോഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് ആയിരിക്കുമെന്നും യുജിസി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോഗ്യത പിഎച്ച്ഡിയാക്കി 2018 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. 2023 ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു.