റോഡിലേക്ക് വീണ പാറകളും മണ്ണും മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെയ നീക്കം ചെയ്‌ത് മൂന്നാർ ലാക്കാട് ഗ്യാപ് റോഡ് തുറന്നു. മൂന്നുദിവസത്തെ പരിശ്രമത്തിനുശേഷം തിങ്കൾ രാവിലെ ഏഴുമുതലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഒറ്റവരിയായി വാഹനങ്ങൾ കടന്നുപോകാനുള്ള അനുവാദമാണ് നൽകിയത്. കൂറ്റൻ പാറകൾ പൊട്ടിക്കുന്നതിന് ജില്ലാ ഭരണത്തിന്റെ അനുമതി ലഭിക്കണം.
പാറകളും മണ്ണും റോഡരുകിലേക്ക് നീക്കുന്ന പണികൾ തുടരുകയാണ്. മഴ ശക്തമായാൽ രാത്രി ഏഴുമുതൽ റോഡ് അടയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. പകൽ സമയത്ത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. റോഡ് തുറന്നതോടെ തമിഴ്‌നാട്ടിൽനിന്നുള്ള വാഹനങ്ങൾ ഗ്യാപ്റോഡ് വഴി മൂന്നാറിൽ എത്തിത്തുടങ്ങി. കഴിഞ്ഞ വെള്ളി രാവിലെ 9.30 ഓടെയാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായത്.