കോമ്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടക ഇനത്തിലുള്ള 18 ശതമാനം നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന ജി എസ് ടി ആണ് ഒഴിവാക്കിയത്.
കേരളത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കെട്ടിടം വാടകയ്ക്ക് എടുക്കുന്ന വ്യാപാരികൾ റിവേഴ്സ് ചാർജ് ഇനത്തിൽ നികുതി അടയ്ക്കണമെന്ന് കഴിഞ്ഞ ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനിച്ചത്. എന്നാൽ കോമ്പോസിഷൻ രീതിയിൽ നികുതി അടയ്ക്കുന്നവർക്ക് ഈ നികുതിയുടെ ഇൻപുട്ട് ക്രെഡിറ്റ് എടുക്കാൻ കഴിയാത്തത് അധിക ബാധ്യതയായി മാറിയിരുന്നു. നികുതി ബാധകമാക്കിയ ഒക്ടോബർ 10 മുതൽ മുൻകാലപ്രാബല്യത്തോടെ ഇത് ക്രമപ്പെടുത്തും.