വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകളെ തിരികെയെത്തിക്കാൻ മൂന്നിന പദ്ധതിയുമായി കേരള നോളജ് ഇക്കോണമി മിഷൻ. ജോലി ഉപേക്ഷിച്ച സ്ത്രീകളിൽ 96.5 ശതമാനവും തിരികെയെത്താൻ താൽപ്പര്യമുള്ളവരാണെന്ന് മിഷൻ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
കരിയർ ബ്രേക്ക് വന്നതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാനാവശ്യമായ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം, സോഫ്റ്റ് സ്കിൽ പരിശീലനം, കരിയർ കൗൺസലിങ് എന്നിവ നൽകുകയാണ് പദ്ധതിയിലൊന്ന്. ഇതിനായി സൗജന്യ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. വീട്ടിൽ പ്രായമായവരെയും കുഞ്ഞുങ്ങളെയും പരിചരിക്കാനായാണ് കൂടുതൽ പേരും ജോലി ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ രണ്ടാമത്തെ പദ്ധതിയിലൂടെ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെയർ സെന്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിൽ സ്ഥാപനങ്ങളിൽ കുട്ടികളെ പരിചരിക്കാനാവശ്യമായ ക്രഷെകളും ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വർക്ക് നിയർ ഹോം സ്ഥാപിക്കലാണ് പദ്ധതിയിലെ മൂന്നാമത്തെ വിഭാഗം. അകലെയുള്ള ജോലികളും വീടിനു സമീപത്തിരുന്ന് ചെയ്യാൻ സാധിക്കുംവിധം വർക്ക് നിയർ ഹോം സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാകുന്നതോടെ തൊഴിൽ ഉപേക്ഷിച്ച സ്ത്രീകളിൽ നല്ലൊരു ഭാഗത്തെ തിരിച്ചെത്തിക്കാനാകുമെന്ന് നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല പറഞ്ഞു. ഭാവിയിൽ സ്ത്രീകൾ തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും അവർ പറഞ്ഞു.
30–34 പ്രായപരിധിയിലുള്ള സ്ത്രീകളാണ് ജോലി ഉപേക്ഷിച്ചവരിൽ കൂടുതലും. കുട്ടികളെയും പ്രായമായവരെയും പരിചരിക്കാനായാണ് സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും ജോലി ഉപേക്ഷിച്ചത്. വിവാഹവും വിവാഹത്തെ തുടർന്നുള്ള സ്ഥലംമാറ്റവുമാണ് 20 ശതമാനം പേർ തൊഴിൽ ഉപേക്ഷിക്കാൻ കാരണം. കുറഞ്ഞ വേതനം, കുടുംബത്തിന്റെ എതിർപ്പ് എന്നിവയാണ് മറ്റു കാരണങ്ങൾ. 4458 സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. സർവേ റിപ്പോർട്ട് വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജിന് കൈമാറി.