പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണം; സമയപരിധി നാളെ അവസാനിക്കും

പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണമെന്ന് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കി. ബോർഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും. ഉത്തരവ് ലംഘിച്ചാൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ചുമത്തും.

ബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റാനായി സ്ക്വാഡുകളെ നിയോഗിക്കണമെന്ന് നിർദേശം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. വരുന്ന മൂന്ന് ദിവസങ്ങളിൽ സ്ക്വാഡുകൾ നിരത്തിലിറങ്ങണം. അനധികൃതമായി സ്ഥാപിച്ച എല്ലാ ഫ്‌ളക്‌സ് ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണം. ജില്ലാ നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ ഇക്കാര്യം കൃത്യമായി നടപ്പിലാക്കണമെന്ന് നിർദേശം നൽകി. പൊതുജനങ്ങളുടെ യാത്ര തടസപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.