നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.
സ്മാരക നിർമാണത്തിനായി തമിഴ്നാട്ടിൽനിന്നാണ് തൊഴിലാളികൾ എത്തിയത്. കേരള സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റാലിൻ അന്ന് സ്മാരകം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പൊതുമരാമത്തു വകുപ്പായിരുന്നു നിർമാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു ഇതിനിടെ പല തവണ വൈക്കം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയിരുന്നു. 8.14 കോടി രൂപ ചിലവിട്ടാണ് സ്മാരകം തമിഴ്നാട് നവീകരിച്ചിരിക്കുന്നത്.
സ്മാരകത്തിന്റെ പ്രധാന കവാടം കയറുമ്പോൾ ആറടിയോളം ഉയരത്തിൽ തന്തൈ പെരിയാറിന്റെ വലിയ പ്രതിമയാണുള്ളത്. ഇതിന്റെ പിന്നിലെ മതിലിൽ ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പ്രതിമയുടെ ഇരുവശങ്ങളിലേക്കും ടൈൽ പാകിയ നടപ്പാതയും പൂന്തോട്ടവും ഇരിപ്പിടങ്ങളും.
പ്രതിമയുടെ രണ്ടു വശങ്ങളിലായി 2 കെട്ടിടങ്ങൾ. വലതുവശത്തെ കെട്ടിടം പെരിയാർ മ്യൂസിയം. ഇടതു വശത്തെ കെട്ടിടം ഗ്രന്ഥശാലയാണ്. പ്രതിമയുടെ വലതുവശത്തെ പെരിയാർ മ്യൂസിയത്തിൽ പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം എന്നിവയുടെ ചിത്രങ്ങൾ, വിഡിയോ പ്രദർശിപ്പിക്കാനുള്ള വലിയ സ്ക്രീൻ എന്നി സൗകര്യങ്ങളുമുണ്ട്. പെരിയാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള രചനകൾ എന്നിവ കാണാം.