കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ കൂടുതൽ എത്തുന്നതിനുള്ള കാരണമിത്; ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര – നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി  ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന സംസ്ഥാനത്തിന്‍റെ മൂന്നിരട്ടിയാണ് ഈ തുക.

കേരളത്തിലെ നിര്‍മാണ രംഗത്തെ ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്‍കുമ്പോള്‍ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വെറും 292 രൂപ. കേരളത്തിന്‍റെ തൊട്ടടുത്ത് പോലും ഒരു സംസ്ഥാനങ്ങളുമില്ല. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിര്‍മാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്. പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ ഈ മേഖലയിലെ വേതന നിരക്ക്  787 രൂപയായിരുന്നു. അന്ന് മധ്യപ്രദേശിലേത് വെറും 173 രൂപയും.

കാര്‍ഷിക ജോലികള്‍ക്കായി കേരളം നല്‍കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഇവിടെയും ഏറ്റവും പിന്നില്‍ മധ്യപ്രദേശ് ആണ്. 242 രൂപ മധ്യപ്രദേശില്‍ നല്‍കുമ്പോള്‍ ഗുജറാത്തും ഇക്കാര്യത്തില്‍ മോശമാണ്. അവിടെ കാര്‍ഷിക ജോലികള്‍ക്ക് ലഭിക്കുന്നത് 256 രൂപയാണ്. ജമ്മു കാശ്മീരാണ് ഈ രംഗത്തും കേരളത്തില്‍ പുറകില്‍. 566 രൂപ അവിടെ തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്നു. കാര്‍ഷികേതര ജോലികള്‍ക്കായി കേരളം പ്രതിദിനം 735 രൂപ നല്‍കിയപ്പോള്‍, മധ്യപ്രദേശ് നല്‍കുന്നത് 262 രൂപയാണ്. ഗുജറാത്ത് 285 രൂപയും. രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീര്‍ നല്‍കുന്നത് 538 രൂപയാണ്. രാജ്യത്തെ ദൈനംദിന വേതന നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ അന്തരം നില നില്‍ക്കുന്നുവെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.