മനുഷ്യനെ കുളിപ്പിച്ച് ഉണക്കിത്തരുന്ന അത്യാധുനിക യന്ത്രവുമെത്തി. ജാപ്പനീസ് എഞ്ചിനീയര്‍മാരാണ് ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ (Mirai Ningen Sentakuki) അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.
വെറും 15 മിനുറ്റ് കൊണ്ട് ഈ യന്ത്രം മനുഷ്യനെ കുളിപ്പിച്ച് തോര്‍ത്തിത്തരും. ഭാവികാല ഹ്യൂമണ്‍ വാഷിംഗ് മെഷീനാണ് ഇതെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കുളിക്കേണ്ട ആള്‍ ഈ വാഷിംഗ് മെഷീനുള്ളില്‍ കിടന്നാല്‍ മതി. അതിശക്തമായെത്തുന്ന ജലത്തില്‍ നിന്നുണ്ടാകുന്ന എയര്‍ ബബിള്‍സ് ചേര്‍ന്ന് നിങ്ങളെ ശുചീകരിക്കും. തൊലിപ്പുറത്തുള്ള എല്ലാ അഴുക്കും കഴുകി കളയുന്ന തരത്തിലാണ് മെഷീന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് അവകാശവാദം. വ്യക്തിശുചിത്വം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മനുഷ്യ വാഷിംഗ് മെഷീന്‍ ജപ്പാനിലെ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചിരിക്കുന്നത്.
എഐ സാങ്കേതികവിദ്യയിലാണ് മനുഷ്യ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. യന്ത്രത്തിലെ സെന്‍സറുകള്‍ ഉപഭോക്താവിന്‍റെ ജീവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുക. യന്ത്രത്തിലെ താപനിലയും വെള്ളത്തിന്‍റെ സമ്മര്‍ദവും ഈ വിവരങ്ങള്‍ വഴി ക്രമീകരിക്കപ്പെടും. ശാരീരികമായി മാത്രമല്ല, മാനസികമായ ആശ്വാസവും ഈ യന്ത്രം നല്‍കും എന്ന് ഗവേഷകര്‍ പറയുന്നു. യന്ത്രത്തിലെ സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മാനസിക സമ്മര്‍ദം അടക്കമുള്ള കാര്യങ്ങള്‍ അളക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിനെ ശാന്തമാക്കാനുള്ള വീഡിയോ പ്ലേ ചെയ്യുകയും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്. ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ എപ്പോള്‍ വിപണിയിലെത്തും എന്ന് വ്യക്തമല്ല.