റിസർവ് ബാങ്ക് നയം പ്രഖ്യാപിച്ചു: പലിശ നിരക്കിൽ മാറ്റമില്ല, CRR കുറച്ചു

രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് അറിയിച്ചു. തുടർച്ചയായ 11-ാം തവണയാണ് ​ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറം​ഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും. മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ നിർബന്ധമായും ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയാണ് സിആർആർ. ഇതിൽ കുറവ് വന്നതോടെ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ കൂടുതൽ തുക ബാങ്കുകൾക്ക് ലഭിക്കുന്നു.

റിപ്പോ നിരക്ക് മാറ്റം വരുത്തതിനാൽ ഭവന, വാഹന, വ്യക്തി​ഗത, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായ്പകളുടെ പലിശനിരക്കും ഇഎംഐയും മാറ്റമില്ലാതെ തുടരും. സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കിൽ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആർബിഐ അറിയിച്ചു. ഈടില്ലാതെ ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.60 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തും. ചെറുകിട കർഷകർക്ക് കൂടുതൽ വായ്പ ലഭ്യമാക്കാനാണ് നടപടി. 2023 ഫെബ്രുവരിയിൽ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്.

വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് നൽകേണ്ട പലിശ നിരക്കാണ് റിപ്പോ. ഈ നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. റിപ്പോ നിരക്ക് കുറഞ്ഞാൽ ബാങ്കുകളും പലിശ നിരക്ക് കുറയ്‌ക്കും. 2025 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം ആർബിഐ ചുരുക്കിയിട്ടുണ്ട്. നേരത്തെ 7.20 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത് ഇത് 6.60 ശതമാനമാക്കി ചുരുക്കി.