2 കുട്ടികളുള്ള ഒരു കുടുംബത്തിന് 2199 രൂപയ്ക്ക്‌ ₹15 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ, തപാല്‍ വകുപ്പിന്റെ പദ്ധതി

സാധാരണക്കാര്‍ക്കും താങ്ങാവുന്ന പ്രീമയത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അവതരിപ്പിക്കുകയാണ് തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐ.പി.പി.ബി). വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സൂപ്പര്‍ ടോപ്-അപ് പദ്ധതിയാണ് ഇതിലൊന്ന്. ഐ.പി.പി.ബിയുടെ ഉപയോക്താക്കള്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് 200 രൂപ നല്‍കി ഉടനടി അക്കൗണ്ട് തുറക്കാം.

നാല് പ്ലാനുകള്‍

നാല് പ്ലാനുകള്‍ ഈ പദ്ധതിയിലുണ്ട്. വ്യക്തിഗത പോളിസിയാണെങ്കില്‍ 899 രൂപയാണ് പ്രീമിയം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച്‌ പദ്ധതിയുടെ ഭാഗമാകണമെങ്കില്‍ 1,399 രൂപ നല്‍കണം. ഇവര്‍ക്കൊപ്പം ഒരു കുട്ടിയെ കൂടി ചേര്‍ക്കണമെങ്കില്‍ 1,799 രൂപയാകും നിരക്ക്. ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് 2,199 രൂപയാണ് പോളിസി നിരക്ക്.

പതിനെട്ട് വയസു മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 60 വയസിനു ശേഷവും പോളിസി തുടര്‍ന്നുകൊണ്ടു പോകാം. ജനിച്ച്‌ 91 ദിവസം മുതലുള്ള കുട്ടികളെ പദ്ധതിയില്‍ ചേര്‍ക്കാം. 18 വയസുവരെ ഉള്ളവരെ കുട്ടികളായി കണക്കാക്കും.

പരിരക്ഷ ഇങ്ങനെ

പരമാവധി 15 ലക്ഷം രൂപയാണ് പോളിസി കവര്‍ ചെയ്യുന്നത്. എന്നാല്‍ പദ്ധതി പ്രകാരം ആദ്യം രണ്ട് ലക്ഷം രൂപയ്ക്ക് കവറേജ് ലഭിക്കില്ല. ഉദാഹരണത്തിന് പോളിസിയെടുത്ത ആള്‍ക്ക് ചികിത്സയ്ക്കായി ആദ്യം ഒന്നര ലക്ഷം രൂപ ചെലവായി എന്നു വിചാരിക്കുക. ആ ക്ലെയിം ലഭിക്കില്ല. എന്നാല്‍ രണ്ട് ലക്ഷത്തിനു മുകളിലുള്ള ബില്ലിന് സംരക്ഷണം ലഭിക്കും. ഇതനുസരിച്ച്‌ 10 ലക്ഷം രൂപ ചെലവായ ആള്‍ക്ക് എട്ട് ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചികിത്സ വേണ്ടി വന്ന ആള്‍ക്ക് 15 ലക്ഷം രൂപ വരെയും പരമാവധി ക്ലെയിം ലഭിക്കും.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ നിവ ബുപയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനിയുമായി സഹകരണമുള്ള ആശുപത്രികളിലെല്ലാം ക്ലാഷ്‌ലെസ് ചികിത്സ ലഭിക്കും. മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് റീഇംപേഴ്‌സ്‌മെന്റും ലഭ്യമാണ്.

പോളിസി നിബന്ധനകള്‍

ഒരു വര്‍ഷമാണ് പോളിസി കാലാവധി. പിന്നെ ഓരോ വര്‍ഷവും പോളിസി പുതുക്കാം. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന് തടസമില്ല. നിലവില്‍ എന്തെങ്കിലും അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പോളിസി അനുവദിക്കില്ല. ചെറിയ രോഗങ്ങളെ നിബന്ധനകള്‍ക്ക് വിധേയമായി പോളിസിയില്‍ ചേരാന്‍ അനുവദിക്കാറുണ്ട്.

പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം വരുന്ന അസുഖങ്ങള്‍ക്ക് സംരക്ഷണം ലഭിക്കും. ചില അസുഖങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനു ശേഷമാണ് പരിരക്ഷ ലഭ്യമാകുക. പോസ്റ്റ്മാന്‍ വഴിയാണ് പദ്ധതിയില്‍ ചേരാനാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാം.