നാളെ മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെടില്ല എന്ന് ട്രായ്

ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടെലികോം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഒടിപി (വണ്‍-ടൈം-പാഡ്‌വേഡ്) സേവനങ്ങളില്‍ തടസ്സം സൃഷ്ടിച്ചേക്കാം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ബാങ്കിംഗ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് ഒടിപി നിര്‍ബന്ധമാണ് എന്നിരിക്കേ ഒടിപി സേവനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമെന്നത് വലിയ ആശങ്ക പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അങ്കലാപ്പ് വേണ്ട എന്ന് അറിയിച്ചിരിക്കുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.

ഒടിപി ലഭിക്കുന്നത് ആര്‍ക്കും വൈകില്ലെന്ന് ട്രായ് അറിയിച്ചതായി ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്തു. വണ്‍-ടൈം-പാഡ്‌വേഡ് അടക്കമുള്ള എല്ലാ ബള്‍ക്ക് സന്ദേശങ്ങളുടെയും മെസേജ് ട്രെയ്‌സിബിലിറ്റി ഉറപ്പാക്കണമെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നടപടി ഏതെങ്കിലും തരത്തില്‍ ഒടിപി സേവനങ്ങള്‍ അടക്കമുള്ള ഒരു മെസേജുകളും വൈകിപ്പിക്കില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ് എന്നും ട്രായ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ ടെലികോം നിയമങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരികയാണ്. ഒടിപി അടക്കമുള്ള ബള്‍ക്ക് മെസേജുകളുടെ ഉറവിടം എന്തെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ടെലികോം സേവനങ്ങള്‍ സ്‌പാം രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ട്രായ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. സ്‌പാമുകളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമടക്കം ട്രായ് ഒരുക്കിയിട്ടുണ്ട്. സ്‌പാം കോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ടെലികോം കമ്പനികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം ട്രായ് നേരത്തെ നല്‍കിയിരുന്നു.