ബോർഡർ- ഗാവസ്ക്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ. നായകൻ ജസ്‌പ്രീത് ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ ഓസീസിന് പിടിച്ച് നിൽക്കാനായില്ല. 534 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റൺസിന് പുറത്തായി. 295 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സ്കോർ: ഇന്ത്യ 150, 487-6 D, ഓസ്ട്രേലിയ-104, 238.
യശസ്വി ജയ്‌സ്വാളിന്റെയും (297 പന്തിൽ 161) വിരാട് കോഹ്‌ലിയുടെയും (143 പന്തിൽ 100) മിന്നുന്ന സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ നേടിയത്. ഒന്നാം ഇന്നിങ്‌സിൽ 46 റണ്ണിന്റെ ലീഡും ചേർത്ത് ഓസീസിന് മുന്നിൽവച്ചത് 534 റണ്ണിന്റെ ലക്ഷ്യം. എന്നാൽ, മൂന്നാംദിനം 12 റണ്ണെടുക്കുന്നതിനിടെ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഏഴ് വിക്കറ്റ് ശേഷിക്കെ 522 റൺസെന്ന ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റേന്തിയ ഓസീസിന് ഇന്ത്യൻ ബോളർമാർ ഇടം നൽകിയില്ല.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് (101 പന്തിൽ 89), മിച്ചൽ മാർഷ് (47 പന്തിൽ 47), അലക്സ് ക്യാരി (58 പന്തിൽ 36) എന്നിവരാണ് ഓസ്ട്രേലിയയെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ബുമ്രയും സിറാജും മൂന്ന് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. നിതീഷ് റെഡ്ഡിയും ഹർഷിത് റാണയും ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.