സിം ഇല്ലാതെ കോള്‍ വിളിക്കാം! ഡയറക്ട്-ടു-ഡിവൈസ് സേവനം ആരംഭിച്ച് BSNL

സിം കാര്‍ഡ് ആവശ്യമില്ലാതെ, സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് കണക്ഷൻ കിട്ടുന്ന D2D ആരംഭിച്ച് BSNL. അതും ഫാസ്റ്റ്- സേഫ്റ്റിയുള്ള കണക്റ്റിവിറ്റിയാണ് ബിഎസ്‌എൻഎല്‍ d2d ഉറപ്പാക്കുന്നത്.

Direct-to-Device എന്നാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്നോളജിയുടെ പേര്. ഇതിലൂടെ ഇന്ത്യയില്‍ ഉപഗ്രഹത്തില്‍ നിന്ന് ഉപകരണത്തിലേക്ക് സേവനം ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി ബിഎസ്‌എൻഎല്‍. ജിയോയും എയർടെലും ഡി-2-ഡിയ്ക്ക് പിന്നാലെയുണ്ട്. എന്നാലും ഈ അത്യാധുനിക ടെക്നോളജി ആദ്യം നടപ്പിലാക്കുന്നത് ബിഎസ്‌എൻഎല്ലിലൂടെയാണ്. ഫോണുകള്‍ക്കിടയില്‍ സിഗ്നലുകള്‍ അയയ്‌ക്കാനും സ്വീകരിക്കാനും ഉപഗ്രഹം ഒരു ടവറായി പ്രവർത്തിക്കും.

സർക്കാർ ടെലികോം ഈ സേവനം ഡല്‍ഹിയിലെ മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. ഉടൻ ഇന്ത്യയില്‍ സാറ്റലൈറ്റ് ടു ഡിവൈസ് സേവനം നല്‍കുമെന്നും അറിയിച്ചിരുന്നു.

BSNL D2D: ടവറും വേണ്ട, സിമ്മും വേണ്ട

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ വിയാസറ്റുമായി ചേർന്നാണ് ബിഎസ്‌എൻഎല്ലിന്റെ D2D ഉദ്യമം. യുഎസ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്പനിയാണ് Viasat. ഓഡിയോ, വീഡിയോ കോളുകളും മെസേജുകളുമെല്ലാം സിം ഇല്ലാതെ ലഭ്യമാകും. അതും ഫാസ്റ്റ് കണക്റ്റിവിറ്റിയാണ് ഡയറക്‌ട്-ടു-ഡിവൈസിലൂടെ ബിഎസ്‌എൻഎല്‍ ഉറപ്പാക്കുന്നത്.

ബിഎസ്‌എൻഎല്‍ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ്-ടു-ഡിവൈസ് സേവനം ലോഞ്ച് ചെയ്തതായി കമ്പനി അറിയിച്ചു. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇപ്പോള്‍ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളില്‍ വരെ എത്തുന്നു. ഇതിലൂടെ മൊബൈല്‍ ടവറില്ലാത്ത ഇടത്തും സാറ്റലൈറ്റ് വഴി സേവനം എത്തിക്കാം. ഇങ്ങനെ ഡിജിറ്റല്‍ ഇന്ത്യയുടെ വികസനത്തിലേക്ക് സുപ്രധാന ചുവടുവയ്പ്പാണ് ടെലികോം നടപ്പിലാക്കിയത്. ടവറുകളും സാറ്റലൈറ്റും സമന്വയിപ്പിച്ചുള്ള കണക്റ്റിവിറ്റിയാണിത്.

കൈകോർത്ത് അമേരിക്കയുടെ വിയാസാറ്റ്

ആഗോളതലത്തില്‍ ഐഒടി ഉപകരണങ്ങള്‍ക്കായി സാറ്റലൈറ്റ് സേവനങ്ങള്‍ വിപുലീകരിക്കാൻ സഹായിക്കുമെന്ന് വിയാസാറ്റ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബിഎസ്‌എൻഎല്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി കമ്പനി പ്രവർത്തിച്ചു വരുന്നു.

ട്രയല്‍ വിജയം

ഡി-2-ഡി ടെക്നോളജിയുടെ ട്രയല്‍ വിജയകരമായി പൂർത്തിയാക്കി. നോണ്‍ ടെറസ്ട്രിയല്‍ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിക്കായി ആക്ടീവാക്കിയ സ്മാർട്ഫോണിലാണ് ഇത് പരീക്ഷിച്ചത്. ഇതിനായിട്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണ്‍ ഉപയോഗിച്ച്‌ വിയാസാറ്റ് ടു-വേ മെസേജിങ് പരീക്ഷിച്ചു.

അതുപോലെ എമർജൻസി എസ്‌ഒഎസ് മെസേജിങ്ങും വിജയകരമായി ട്രയല്‍ നടത്തി. കൂടാതെ ജിയോസ്റ്റേഷണറി എല്‍-ബാൻഡ് ഉപഗ്രഹങ്ങളിലൊന്നിലേക്ക് ഏകദേശം 36,000 കിലോമീറ്റർ മെസേജ് അയച്ചു. ഈ പരീക്ഷണങ്ങള്‍ ഡി2ഡി വിപുലീകരിക്കാനുള്ള ശുഭപ്രതീക്ഷകളാണ് തരുന്നത്.

മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമായിട്ടല്ല ഡി2ഡി ടെക്നോളജി. സ്മാർട്ട് വാച്ചുകള്‍ അല്ലെങ്കില്‍ കാറുകള്‍ പോലുള്ള ദൈനംദിന ഉപകരണങ്ങളിലും ഇത് പ്രവർത്തിപ്പിക്കാനാകും.

ഈ പുതിയ സേവനം ഇന്ത്യയില്‍ പ്രവർത്തനം ആരംഭിച്ചെങ്കിലും ഇനിയും വിപുലീകരിച്ചിട്ടില്ല. ഡി2ഡിയുടെ ലഭ്യത, പ്രവേശനക്ഷമത, ലഭിക്കുന്ന പ്രദേശങ്ങള്‍ എന്നിവയെ കുറിച്ച്‌ കമ്പനി അറിയിച്ചിട്ടില്ല. ഡയറക്‌ട് ടു ഡിവൈസ് സേവനത്തിന്റെ ഫീസ് വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *