പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്, മെഡലുകൾ തിരിച്ചുവാങ്ങും; പുതിയവ വിതരണം ചെയ്യും

ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ അക്ഷരതെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനം. മുഖ്യമന്ത്രി, പോലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുണ്ടായിരിക്കുന്നത്. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും. തിരുവനന്തപുരത്തുള്ള ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ക്വട്ടേഷന്‍ സ്വീകരിച്ചത്. അവര്‍ക്ക് സംഭവിച്ച ഗുരുതര പിഴവാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മെഡലുകളിൽ ​ഗുരുതരമായ അക്ഷരത്തെറ്റാണ് കടന്നു കൂടിയിരുന്നത്. സംഭവം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. മെഡലുകള്‍ പിന്‍വലിച്ച്  പുതിയ മെഡലുകൾ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യും.

സംസ്ഥാന പോലീസിനെ മികച്ച പ്രകടനത്തിന് മുഖ്യമന്ത്രി നല്‍കുന്ന ബഹുമതിയാണിത്. നവംബര്‍ 1 ന് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തിരുന്നു. അതിലാണ് ഗുരുതമായ പിഴവ് കടന്നു കൂടിയത്. പോലീസ് ആസ്ഥാനത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 1 ന് മെഡലുകള്‍ വിതരണം ചെയ്യുമെന്ന് പോലീസ് ആസ്ഥാനത്ത് അറിയാമായിരുന്നു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

എന്നാല്‍ ഒക്ടോബര്‍ അവസാനമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്. ഈ മെഡലുകളൊന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല എന്ന് വേണം കരുതാന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് തന്നെ വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ്. തെറ്റ് പറ്റിയ മെഡലുകള്‍ തിരിച്ചുവാങ്ങി പുതിയവ വിതരണം ചെയ്യാമെന്ന് ഇതേ കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്.