പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാ​ഗക്കാർക്കാണ്. ഇതിന്റെ ആദ്യ​ഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റിൽ പിഎംഎവൈക്ക് കൂടുതൽ തുക കേന്ദ്രസർക്കാർ മാറ്റിവെച്ചിരുന്നു.

2019 ൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 13,114 പേർക്ക് 2021-22 സാമ്പത്തികവർഷത്തിൽ വീട് അനുവദിച്ചു. കണക്കുപ്രകാരം 2,01,010 പേർക്കാണ് ഇനി വീടുലഭിക്കാനുള്ളത്. രണ്ടുലക്ഷത്തോളം വീടുകൾ ഇപ്പോൾ അനുവദിച്ചിട്ടുള്ളതിനാൽ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.