ടെന്നിസ് മതിയാക്കി സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 38കാരനായ നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ആധിപത്യം കാണിച്ചിരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ മാത്രം 14 കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും നദാലിന്റെ അവസാന ടൂര്‍ണമെന്റ്. നവംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന്, നെതര്‍ലാന്‍ഡിനെ നേരിടും. പരിക്കില്‍ നിന്ന് മോചിതനായ നദാലിനെ സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഈ വര്‍ഷമാദ്യം പാരീസ് ഒളിംപിക്സിന് ശേഷം ആദ്യമായിട്ടാണ് നദാല്‍ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്. 2004ല്‍ സ്പെയ്നിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചുകൊണ്ടാണ് നദാല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ അനുഭവം തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. 14 ഫ്രഞ്ച് ഓപ്പണ്‍ കൂടാതെ നാല് തവണ യുഎസ് ഓപ്പണും ജയിച്ചു നദാല്‍. ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും രണ്ട് കിരീടങ്ങള്‍ വീതമുണ്ട് നദാലിന്. 2008ല്‍ ഒളിംപിക്സ് ചാംപ്യന്കൂടിയായി നദാല്‍.
36 മാസ്റ്റേഴ്സ് കിരീടങ്ങളും ഒരു ഒളിംപിക് സ്വര്‍ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കിയ മൂന്ന് പുരുഷന്മാരുടെ ടെന്നീസ് ചരിത്രത്തില്‍ ഒരാളെന്ന അതുല്യ റെക്കോര്‍ഡും നദാലിന്റെ പേരിലാണ്.