ഗൂഗിളിന്റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ അപ്ഡേറ്റായ ജെമിനി ലൈവ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയിൽ തന്നെ മറുപടി നല്കാനുമാകും. ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനി ലൈവ് ഫീച്ചർ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആൻഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് 10 വ്യത്യസ്ത ഭാഷകളിലായി ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഒമ്പത് ഇന്ത്യൻ ഭാഷകൾ കൂടി ലഭിക്കുക.
പുതിയതായി ഉൾപ്പെടുത്തിയ ഇന്ത്യൻ ഭാഷകൾ ജെമിനി ലൈവിൽ ഉടനെത്തില്ല. ഇതിനായി ചിലപ്പോൾ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കും. സമാനമായി ഗൂഗിൾ സെർച്ചിലെ എഐ ഓവർവ്യൂ ഫീച്ചറിലും ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് ഉൾപ്പടെയുള്ള ഭാഷകൾ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവഴി സെർച്ചിൽ തിരയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പെട്ടെന്നറിയാൻ ഉപഭോക്താവിനാകും. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിലും ഇതിന് സമാനമായ വോയ്സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകളൊന്നും ഇതിൽ ലഭ്യമല്ല.