പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചരിത്ര നീക്കം. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതൽ ഇതു പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കാരം അനുസരിച്ച് ജേതാക്കൾക്ക് 19.5 കോടി രൂപ പ്രതിഫലമായി ലഭിക്കും.
2030ലാണ് തുല്യ സമ്മാനത്തുക നടപ്പാക്കാൻ ഐസിസി തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കാരം നേരത്തേ നടപ്പാക്കാൻ നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഐസിസി വാർഷിക സമ്മേളനത്തിലാണ് സമ്മാനത്തുക തുല്യമാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. ലോകകപ്പുകളിൽ പുരുഷ, വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുക നൽകുന്ന ഏക കായിക ഇനമാണ് ക്രിക്കറ്റ്.
കഴിഞ്ഞ വർഷത്തെ ലോകകപ്പ് വിജയിച്ച ടീമിനെക്കാളും 134 ശതമാനം അധിക വരുമാനമാണ് ഇതു പ്രകാരം വനിതാ ലോകകപ്പിലെ പുതിയ ചാംപ്യൻമാർക്ക് ലഭിക്കുക. റണ്ണർ അപ്പ്, സെമി ഫൈനലിസ്റ്റുകൾ എന്നിവർക്കും പ്രതിഫലത്തിൽ ആനുപാതികമായ നേട്ടമുണ്ടാകും. വനിതാ ക്രിക്കറ്റിന്റെ വളർച്ച കൂടുതൽ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് ഐസിസി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഒക്ടോബർ മൂന്നിനാണ് ഈ വർഷത്തെ വനിതാ ട്വന്റി20 ലോകകപ്പിന് തുടക്കമാകുന്നത്. ഷാർജ സ്റ്റേഡിയത്തിൽ സ്കോട്‌ലൻഡും ബംഗ്ലദേശും തമ്മിലാണ് ആദ്യ പോരാട്ടം.