പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക സ്വീകരിക്കാന്‍ പാടില്ല; നിർദേശവുമായി ഐആര്‍ഡിഎഐ

ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം  ഇന്‍ഷൂറന്‍സ്  പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക ഉപഭോക്താവില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ആരോഗ്യ പരിശോധന നടത്തേണ്ടി വരുന്ന ഉപഭോക്താക്കളില്‍ നിന്നും പ്രീമിയത്തിന്‍റെ ആദ്യ ഗഡു സ്വീകരിക്കുന്നത്  ഇന്‍ഷൂറന്‍സ് പോളിസി അംഗീകരിച്ച ശേഷം മാത്രമായിരിക്കണം എന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്പ്മെന്‍റ് അതോറിറ്റി ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.

പോളിസി അംഗീകരിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ പണം ഇന്‍ഷുറര്‍മാര്‍ കൈവശം വയ്ക്കുന്നത് തടയാനും പോളിസി നിരസിക്കപ്പെടുകയോ കൂടുതല്‍ നടപടികള്‍ ആവശ്യമായി വരികയോ ചെയ്താല്‍ റീഫണ്ട് പ്രശ്നങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശം. ഇത് പ്രകാരം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമുള്ള പോളിസികള്‍ക്ക്, പ്രീമിയം ആവശ്യപ്പെടുന്നതിന് മുമ്പ് പോളിസി അപേക്ഷ ആദ്യം അംഗീകരിക്കണം. ഇതിനര്‍ത്ഥം ഇന്‍ഷുറന്‍സ് ഏജന്‍റുമാര്‍ രണ്ടുതവണ ഉപഭോക്താക്കളെ സന്ദര്‍ശിക്കേണ്ടതുണ്ട്. ഒരിക്കല്‍ രേഖകള്‍ ശേഖരിക്കാനും, രണ്ടാമത് പ്രീമിയം തുക വാങ്ങാനും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളോട് കൂടുതല്‍ സുതാര്യമായിരിക്കണമെന്നും ഐആര്‍ഡിഎഐ ആവശ്യപ്പെട്ടു. പോളിസിയുടെ പ്രധാന സവിശേഷതകള്‍, ആനുകൂല്യങ്ങള്‍, ഒഴിവാക്കലുകള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം. ഉപഭോക്താക്കള്‍  ആവശ്യപ്പെട്ടാല്‍  ഈ രേഖകള്‍ പ്രാദേശിക ഭാഷകളിലും നല്‍കണമെന്നും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്പ്മെന്‍റ് അതോറിറ്റി ആവശ്യപ്പെട്ടു. എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും ഇലക്ട്രോണിക് മാതൃകയില്‍ നല്‍കണം. ഇ-ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉപഭോക്താവിന് ഡിജിറ്റലായി ഒപ്പിടാം. പ്രൊപ്പോസല്‍ ഫോം സ്വീകരിച്ച് 15 ദിവസത്തിനകം ഇന്‍ഷുറര്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നല്‍കണമെന്നും ഐആര്‍ഡിഎഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.