ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം

ജോലിചെയ്യുന്ന ആശുപത്രിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ സ്വന്തംവീട്ടിലോ സർക്കാർ ക്വാർട്ടേഴ്സിലോ താമസിക്കുന്നവർക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്കാനിങ് സെൻ്റർ, ഫാർമസികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്‌ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ മാർഗരേഖ വ്യക്തമാക്കുന്നു.

അധികൃതരാവശ്യപ്പെട്ടാൽ സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമോ താമസിക്കുന്നതിനുള്ള രേഖകളോ നൽകേണ്ടിവരും. ആധാർ കാർഡ്, വൈദ്യുതി, വെള്ളം, ടെലിഫോൺ ബില്ലുകൾ, കെട്ടിടനികുതി രശീതി, റെസിഡന്റ്റ്സ് സർട്ടിഫിക്കറ്റ്, വാടകച്ചീട്ട് എന്നിവയാണ് രേഖയായി പരിഗണിക്കുക.

സർക്കാർ ഡോക്‌ടർമാർക്കുമാത്രമാണ് സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസിന് അനുമതി. നോൺ പ്രാക്ടീസിങ് ആനുകൂല്യമുള്ളതിനാൽ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ട‌ീസിന് വിലക്കുണ്ട്.

സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിമിതമായ ഉപകരണങ്ങൾ മാത്രമേ രോഗനിർണയത്തിനുപയോഗിക്കാവൂ. ഡെൻ്റൽ ഡോക്‌ടർമാർക്ക് ഡെന്റൽ ചെയറും അത്യാവശ്യ ഉപകരണങ്ങളുമാകാം. ഇൻജക്ഷൻ, മരുന്ന്, മുറിവ് വൃത്തിയാക്കൽ, ഡ്രസിങ്, മുറിവ് തുന്നൽ എന്നിവയ്ക്കായി രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തുനിന്ന് ഡോക്‌ടർ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് അയക്കരുത്.

സർക്കാർ ആശുപത്രിയിലെ മരുന്നോ മറ്റുസൗകര്യങ്ങളോ സ്വകാര്യ പ്രാക്ടീസിനുപയോഗിക്കരുത്. ഒന്നിലധികം സ്ഥലത്ത് സ്വകാര്യ പ്രാക്ടീസ് പാടില്ല. സർക്കാർ ഡോക്‌ടറുടെ യോഗ്യതയോ, സ്വകാര്യ പ്രാക്‌ടീസ് സംബന്ധിച്ച വിവരങ്ങളോ മാധ്യമങ്ങൾ, സാമൂഹികമാധ്യമങ്ങൾ, പരസ്യബോർഡുകൾ എന്നിവവഴി പ്രചരിപ്പിക്കരുത്. കിടത്തിചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സ്വകാര്യ പ്രാക്‌ടീസ് സ്ഥലത്ത് ഡോക്ട‌റെ കാണാൻ വരരുതെന്ന ബോർഡ് നിർബന്ധമായി വെക്കണം.