സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു, സുനിത വില്യംസും ബച്ച് വിൽമറും ഇല്ലാതെ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ജൂൺ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വിൽമറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാർലൈനർ. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാൽ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങൾ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.

സെപ്റ്റംബർ ആറിന് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളോ കാലാവസ്ഥയോ കാരണം ഇതിൽ മാറ്റം വന്നേക്കാം. തകരാറുള്ള പേടകത്തിൽ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാൽ സുനിത വില്യംസും, ബച്ച് വിൽമറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സഞ്ചാരികളെ ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ വരുന്ന സ്പേസ് എക്സ് ഡ്രാഗൺ ക്രൂ പേടകത്തിലാണ് തിരിച്ചെത്തിക്കുക.

സെപ്റ്റംബർ ആറിന് ഇന്ത്യൻ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻ്റ്സ് സ്പേസ് ഹാർബറിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.

ജൂൺ അഞ്ചിന് വിക്ഷേപിച്ച സ്റ്റാർലൈനർ പേടകം ഒരു ദിവസത്തിന് ശേഷം വിജയകരമായി ബഹിരാകാശ നിലയത്തിൽ എത്തി. ഈ യാത്രയ്ക്കിടെ ഹീലിയം ചോർച്ചയുണ്ടാവുകയും 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തനരഹിതമാവുകയും ചെയ്‌തു. ഈ പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടകത്തെ ഇത്രയും നാൾ ബഹിരാകാശ നിലയത്തിൽ തന്നെ നിലനിർത്തിയത്. സഞ്ചാരികളെ ഈ പേടകത്തിൽ തന്നെ തിരികെ എത്തിക്കാനുള്ള സാധ്യത പരിഗണിച്ചിരുന്നുവെങ്കിലും സുരക്ഷ മുൻനിർത്തി നാസ യാത്രികരെ മറ്റൊരു പേടകത്തിൽ തിരികെ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.