വയനാട് ദുരന്തം:നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാതെ 58 കുടുംബങ്ങൾ

മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായത് 58 കുടുംബങ്ങൾ. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽ നിന്ന് ആരുമെത്തിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും അടക്കം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു ലഭിക്കേണ്ടത്. എന്നാൽ, ദുരന്തത്തിൽ മരിച്ച 270 ൽ 58 പേർക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരിൽ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കു ധനസഹായം അനുവദിക്കുന്നതിനു മാനദണ്ഡം നിശ്ചയിച്ചു പുതിയ ഉത്തരവിറങ്ങണം.

2 ഗ്രാമങ്ങളെ പൂർണമായി ഇല്ലാതാക്കിയ ദുരന്തത്തിൽ ഇതിനോടകം 93 പേരുടെ ആശ്രിതർക്കു സംസ്ഥാന സർക്കാർ വിഹിതമായ 6 ലക്ഷം രൂപ നൽകി. 12 കേസുകളിൽ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. 7 ഇതര സംസ്ഥാനക്കാരുടെ ആശ്രിതർക്കും തുക നൽകാനുണ്ട്.

തർക്കങ്ങളുള്ള കേസുകളിൽ അനന്തരാവകാശികളാരെന്നു കൃത്യമായി നിർണയിച്ചശേഷമേ തുക കൈമാറാനാകൂ. അവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ കുറഞ്ഞത് 3 മാസമെടുക്കും. വില്ലേജ് ഓഫിസർ അന്വേഷിച്ച ശേഷമേ സർട്ടിഫിക്കറ്റ് നൽകൂ. 2 അയൽവാസികളുടെയും വാർഡ് അംഗത്തിന്റെയും മൊഴിയെടുക്കണം. അനന്തരാവകാശി മറ്റൊരു വില്ലേജിലാണെങ്കിൽ ആ വില്ലേജ് ഓഫിസറുടെ കീഴിലും അന്വേഷണം നടക്കണം. റിപ്പോർട്ട് തയാറാക്കി സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യണം. 30 ദിവസത്തിനുള്ളിലും ആക്ഷേപം ഒന്നുമില്ലെങ്കിൽ അടുത്ത ദിവസം സർട്ടിഫിക്കറ്റ് നൽകും. നടപടിക്രമങ്ങളിലെ സങ്കീർണതകൾ ഇല്ലാതാക്കാൻ പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.