നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്

നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. ഒരു മാസത്തോളം സർവീസ് കുഴപ്പമില്ലാതെ പോയി. യാത്രക്കാർ കുറഞ്ഞതോടെ സർവീസ് ഇടയ്ക്കിടെ റദ്ദാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായി യാത്ര. ജൂലൈ 21ന് ശേഷം സർവീസ് നടത്തിയിട്ടില്ല. കോഴിക്കോട് കെഎസ്ആർടിസി റീജനൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ചു കിടക്കുകയാണ് ബസ്. അറ്റകുറ്റപ്പണിക്കായാണ് ബസ് വർക്ക് ഷോപ്പിൽ കയറ്റിയത്. 

കോഴിക്കോടു നിന്നാണ് ബസ് സർവീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെല്ലാം എടുക്കുന്നത് തിരുവനന്തപുരത്തു നിന്നാണ്. ശുചിമുറി ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് പിടിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് ബസ് വർക്ക് ഷോപ്പിൽ കയറ്റിയതെന്നാണ് വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശം കോഴിക്കോട് ഡിപ്പോ അധികൃതർക്ക് ലഭിച്ചിട്ടില്ല.

കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ നവകേരള ബസ് സർവീസ് 1250 രൂപയോളമാണ് ടിക്കറ്റ് ചാർജ്. എവിടെ നിന്ന് എവിടേക്ക് കയറിയാലും ഇതേ ചാർജ് നൽകണം. 26 സീറ്റുകളാണ് ബസിലുള്ളത്. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരു എത്തി. ഉച്ചതിരിഞ്ഞ് 2.30ന് തിരിച്ചു പോരുന്ന രീതിയിലാണ് സമയക്രമം. ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാരെ നവകേരള ബസ് ഉപേക്ഷിക്കാൻ കാരണമാക്കിയത്.

എസി സെമി സ്ലീപ്പർ ബസുകൾക്ക് 800 രൂപയിൽ താഴെയാണ് കോഴിക്കോട്– ബെംഗളൂരു ടിക്കറ്റ് ചാർജ്. ഒരു ദിവസം 40000 രൂപയെങ്കിലും വരുമാനം ലഭിച്ചാലേ ബസ് നഷ്ടമില്ലാതെ ഓടിക്കാനാകൂ. എന്നാൽ പല ദിവസങ്ങളിലും അഞ്ചും ആറും യാത്രക്കാരുമായി സർവീസ് നടത്തേണ്ടി വന്നു. ഇതോടെയാണ് സർവീസ് നിർത്താൻ തീരുമാനിച്ചത്.