എം പോക്സ് വൈറസ് രോഗത്തിന്റെ വ്യാപനശേഷി കണക്കിലെടുത്ത് ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഒരു ജന്തുജന്യ രോഗമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും. എം പോക്സ് രോഗത്തെ കുരുങ്ങുപനി എന്നും മങ്കിപോക്സ് എന്നും തെറ്റായി പറയാറുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകാരോഗ്യ സംഘടന ഈ വൈറസ് ബാധയെ എം.പോക്സ് എന്ന് വിശേഷിപ്പിക്കുന്നത്.
വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് രോഗം ഉണ്ടാക്കുന്നത്. രോഗവാഹകർ ആയ കുരങ്ങുകൾ, ചിലതരം അണ്ണാനുകൾ, എലികൾ എന്നിവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് മങ്കിപോക്സ് അഥവാ എംപോക്സ് എന്ന പേര് വന്നത്. എന്നാൽ കുരങ്ങുകൾ ഈ വൈറസിന്റെ സ്വാഭാവിക സംഭരണികൾ ആണോ എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
രോഗമുള്ള മനുഷ്യരിൽ നിന്നും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്ക, ടവ്വലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സമ്പർക്ക പ്രതലങ്ങൾ എന്നിവയിലൂടെയുമെല്ലാം രോഗ പകർച്ച ഉണ്ടാവും. ഗർഭസ്ഥ ശിശുവിന് അമ്മയിൽ നിന്നും ഈ രോഗം പകരാം.
രോഗകാരികൾ ആയ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ സാധാരണ 6 മുതൽ 13 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. 21 ദിവസങ്ങൾ വരെ ചിലപ്പോൾ രോഗാരംഭകാലം നീണ്ടുപോകാറുണ്ട്. രണ്ടു മുതൽ നാലു വരെ ആഴ്ച നീണ്ടുനിൽക്കുന്ന ദ്രാവകംനിറഞ്ഞ വേദനയുള്ള കുമിളകൾ ആണ് ആദ്യ ലക്ഷണം. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം കുമിളകൾ പെട്ടെന്ന് ശരീരമാകെ വ്യാപിക്കും. കഠിനമായ പനി, തലവേദന, പേശി വേദന, ലസികാ ഗ്രന്ഥികളുടെ വീക്കം എന്നീ ലക്ഷണങ്ങളും കാണിക്കും. മരണനിരക്ക് കുറവാണെങ്കിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം തീവ്രമായേക്കാം.
വന്യമൃഗങ്ങളുമായും രോഗബാധിതരുമായും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, മാംസം നന്നായി പാകം ചെയ്തു മാത്രം കഴിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് കൈക്കൊള്ളേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ വൈദ്യസഹായം തേടുകയും വേണം.