ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി

തെക്കൻ ശ്രീലങ്കയ്ക്ക്  മുകളിൽ  ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അതിതീവ്ര മഴ തുടരുന്നത്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കാസ‍ർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ചക്രവാതച്ചുഴി ശക്തമാകുന്നത് കൂടുതൽ മഴ പെയ്യാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.