കെട്ടിട നിര്‍മാണ വ്യവസ്ഥകളില്‍ ഇളവുമായി സര്‍ക്കാർ

കെട്ടിടനിർമാണ വ്യവസ്ഥകളിലടക്കം ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിൻ്റെ കാലാവധി 15 വർഷംവരെ നീട്ടിനൽകും. നിർമാണം നടക്കുന്ന പ്ലോട്ടിൽത്തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്.

കെട്ടിടം നിർമിക്കുന്ന പ്ലോട്ടിൽത്തന്നെ പാർക്കിങ് ഒരുക്കണമെന്നതിലെ മാറ്റം വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്ക് ഗുണകരമാണ്. 25 ശതമാനം പാർക്കിങ് കെട്ടിടമുള്ള സ്ഥലത്തുതന്നെ വേണം. ഉടമസ്ഥൻ്റെപേരിൽ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ 75 ശതമാനംവരെ അനുവദിക്കും. പാർക്കിങ് സ്ഥലത്ത് മറ്റുനിർമാണം ഉണ്ടാകില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണം.

നിലവിൽ അഞ്ചുവർഷമാണ് കെട്ടിടനിർമാണ പെർമിറ്റ് കാലാവധി. അഞ്ചുവർഷത്തേക്കുകൂടി നീട്ടിനൽകാറുണ്ടെങ്കിലും പിന്നീടും നീട്ടാനുള്ള നടപടികൾ സങ്കീർണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി അഞ്ചുവർഷത്തേക്കുകൂടി അനുമതി നൽകുന്നതോടെയാണ് ആകെ 15 വർഷം കാലാവധി കിട്ടുകയെന്ന് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചു. 106 ചട്ടങ്ങളിലായി 351 ഭേദഗതിനിർദേശങ്ങൾ പരിഗണിച്ചാണ് മാറ്റങ്ങൾവരുത്തുന്നത്. നടപടികൾ തുടങ്ങി.

മറ്റ് ഇളവുകൾ:

*ഗാലറി ഇല്ലാത്ത ടർഫുകൾക്ക് പാർക്കിങ്ങിൽ ഇളവുനൽകും

*സ്‌കൂൾ, കോളേജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിങ് എന്നതിലും മാറ്റംവരുത്തും

*നിലവിൽ പ്ലോട്ടിൻ്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി നേടൽ) പെർമിറ്റ് റദ്ദാക്കും. എന്നാൽ, വിസ്‌തൃതിയിൽ കുറവോ കൂടുതലോ വന്നശേഷവും മറ്റുവിധത്തിൽ ചട്ടലംഘനമില്ലെങ്കിൽ പെർമിറ്റ് നിലനിൽക്കുന്നവിധം വ്യവസ്ഥകൾ പരിഷ്കരിക്കും

*റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിവലപ്മെന്റ്റ് പെർമിറ്റെടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളാക്കി വിൽക്കുമ്പോൾ പൊതുസൗകര്യം ഇല്ലാതാകാറുണ്ട്. ഇതുമൂലം ചെറുപ്ലോട്ട് ഉടമകൾക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കും. ഡിവലപ്പർക്കെതിരേ നിയമനടപടിയുമെടുക്കും

*പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചാൽ തിരുവനന്തപുരത്തെ തദ്ദേശസ്വയംഭരണ സ്ഥാപന ട്രിബ്യൂണലിലാണ് ഇപ്പോൾ അപ്പീൽ നൽകേണ്ടത്. പകരം ജില്ലാതല ഉദ്യോഗസ്ഥരെ ചേർത്ത് ഒന്നാം അപ്പലെറ്റ് അതോറിറ്റിയുണ്ടാക്കും.

ലൈസൻസുകളിലും ഇളവ്

വ്യാപാര-വാണിജ്യ-വ്യവസായ സേവന ലൈസൻസ് ഫീസിനുള്ള സ്ലാബുകളുടെ എണ്ണം കൂട്ടും. ലൈസൻസ് എടുക്കുന്നത് വൈകിയാൽ മൂന്നും നാലും ഇരട്ടി പിഴയീടാക്കില്ല. നിയമലംഘനമില്ലെങ്കിലാണ് പിഴയിൽ ഇളവ്. വീടിനോടുചേർന്നുള്ള ചെറുകിട വ്യാവസായിക, ഉത്പാദക, വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും (ഇപ്പോൾ വ്യവസ്ഥയില്ല) ചട്ടങ്ങളിൽ മാറ്റംവരുത്തും.