ക്രെഡിറ്റ് കാർഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉടൻ നിങ്ങളുടെ ധനകാര്യ സ്ഥാപനത്തെ വിവരമറിയിക്കുക. ഏത് സ്ഥാപനത്തിൽ നിന്നാണോ കാർഡ് അനുവദിച്ചത് അവരെ വിവരമറിയിക്കുക തന്നെ വേണം. അല്ലെങ്കിൽ ഈ കാർഡുപയോഗിച്ച് പണം പിൻവലിക്കപ്പെട്ടേക്കാം. കോൾ സെന്ററിലേക്ക് വിളിച്ചും എസ്എംഎസ് വഴിയും കാർഡ് ബ്ലോക്ക് ചെയ്യാനാവും. ഇന്റർനെറ്റ് സംവിധാനങ്ങൾ വഴിയും ഇത് ചെയ്യാം. വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്ന ഒരു കാര്യമാണിത്.
നഷ്ടപ്പെട്ട നിങ്ങളുടെ കാർഡ് മറ്റൊരാൾ ഉപയോഗിച്ച് പണം പിൻവലിക്കുകയാണെങ്കിൽ ആ ബാധ്യത മിക്ക സേവന ദതാക്കളും ഏൽക്കാൻ തയ്യാറാകില്ല. എന്നാൽ, കാർഡ് ബ്ലോക് ചെയ്യാൻ ബാങ്കിനെ അറിയിച്ച ശേഷമാണ് പണം നഷ്ടപ്പെടുന്നതെങ്കിൽ ആ മുഴുവൻ തുകയും നിങ്ങൾക്ക് റീഫണ്ടായി ലഭിക്കുകയും ചെയ്യും.
പോലീസിനെ അറിയിക്കുക
ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് നിർബന്ധമായും രജിസ്റ്റർ ചെയ്യണം. എഫ്ഐആർ കോപ്പി നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. ഭാവിയിൽ ഉണ്ടാകുന്ന ഏത് തരം പ്രശ്നങ്ങൾക്കും നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ രക്ഷാകവചം കൂടിയാവും ഇത്.
പുതിയ കാർഡിന് അപേക്ഷിക്കുക
പുതിയ കാർഡിന് അപേക്ഷിക്കുകയാണ് അടുത്ത ഘട്ടം. ചിലപ്പോൾ ബാങ്കിൽ നിന്നും പോലീസിൽ കേസ് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ചോദിക്കും. അതിനാൽ കാർഡ് നഷ്ടപ്പെട്ടാൽ പോലീസിൽ കാലതാമസം കൂടാതെ തന്നെ പരാതിപ്പെടുക. എഫ്ഐആറിന്റെ പകർപ്പ് നൽകി പുതിയ കാർഡ് സ്വന്തമാക്കാം. ഇതിന് ചെറിയൊരു ഫീസും ബാങ്കിന് നൽകേണ്ടി വരും.
സുരക്ഷിതമായിരിക്കാം
ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെടാനും മോഷ്ടിക്കപ്പെടാനുമുള്ള സാധ്യത മുന്നിൽ കണ്ട് തന്നെ പല ബാങ്കുകളും ഒരു കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ കൂടി ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ആയിരം രൂപ മുതൽ 3000 രൂപ വരെയാണ് ഇതിന് ചെലവ്. മോഷണം, വ്യാജ കാർഡ് നിർമ്മാണം, വിവരം ചോർത്തി ഉപയോഗിക്കൽ, ഓൺലൈൻ ചതിക്കുഴികൾ തുടങ്ങിയ അപായങ്ങളിൽ നിന്നെല്ലാം രക്ഷാ നേടാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
കാർഡ് വിവരങ്ങൾ സൂക്ഷിക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നത് ഏറ്റവും നല്ല സാമ്പത്തിക ശീലങ്ങളിൽ ഒന്നാണ്. കാർഡ് നമ്പർ, ബാലൻസ്, കാർഡിന്റെ കാലാവധി എന്നിവ സൂക്ഷിക്കണം. ഇത് കാർഡ് ബ്ലോക്ക് ചെയ്യുന്നതിലും പോലീസിൽ പരാതിപ്പെടുന്നതിനും നിർണ്ണായകമാണ്.
താത്കാലികമായി ബ്ലോക്ക് ചെയ്യൽ
ക്രെഡിറ്റ് കാർഡ് നിങ്ങൾ കുറച്ച് നാളത്തേക്ക് ഉപയോഗിക്കുന്നില്ല എന്ന് കരുതുക. അങ്ങിനെയെങ്കിൽ താത്കാലികമായി കാർഡ് ബ്ലോക്ക് ചെയ്യാൻ അവസരം ബാങ്കിൽ നിന്ന് ലഭിക്കും. ഈ കാലയളവിൽ കാർഡ് മോഷ്ടിക്കപ്പെട്ടാലും അത് നിങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന പേടി ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ വളരെ ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് ഈ സേവനം നൽകുന്നത്.