ലഹരിക്ക്‌ കടിഞ്ഞാണിടാം നല്ല നാളേയ്‌ക്കുവേണ്ടി

കേരളം നേടിയ വികസനത്തിനും പുരോഗതിക്കും സാംസ്കാരികമൂല്യങ്ങൾക്കും വെല്ലുവിളിയായി ലഹരി ഉപയോഗം വർധിക്കുകയാണ്‌. വിദ്യാർത്ഥികളെയും ലഹരിമാഫിയ വെറുതെ വിടുന്നില്ല. കുരുന്നുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളാണ്‌ എക്‌സൈസ്‌ വകുപ്പ് നടപ്പാക്കുന്നത്‌.

യുവജനങ്ങൾക്ക് ലഹരിയെക്കുറിച്ച് അവബോധം നൽകാൻ ആരംഭിച്ച പ്രചാരണ പരിപാടിയാണ് ‘വിമുക്തി’. കോട്ടയം ജില്ലയിലെ 536 സ്‌കൂളുകളിലും കോളേജുകളിലും വിമുക്തി ക്ലബ്ബുകൾ രൂപീകരിച്ചു. ബോധവത്കരണം, മത്സരങ്ങൾ, കൗൺസിലിങ് തുടങ്ങിയവ നടത്തുന്നു. പരാതികളും നിർദേശങ്ങളും അറിയിക്കാൻ സ്‌കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ച്‌ പൊതുജന പങ്കാളിത്തത്തോടെ ജാഗ്രതാ സമിതികൾ രൂപീകരിച്ചു. ജില്ലാ കോർഡിനേറ്റർ: 9496825262. കൗൺസലിങ്: 14405

കുട്ടികളിൽ ചെറുപ്പം മുതൽ ലഹരിക്കെതിരായ ബോധവത്‌കരണമുണ്ടാക്കുക എന്ന ലക്ഷ്യവുമായി പ്രൈമറി തലത്തിലും വിമുക്തി ക്ലബ്ബുകൾ ആരംഭിക്കുന്ന പദ്ധതിയാണ്‌ ‘ബാല്യം അമൂല്യം’. ആദ്യഘട്ടം 11 റേഞ്ചുകളിൽ 11 പ്രൈമറി സ്‌കൂളുകളിലാണ്‌ ക്ലബ്ബുകളുടെ പ്രവർത്തനം. ലഹരി ഉപയോഗംമൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക്‌ ‘നേർവഴി’ പദ്ധതി പ്രകാരം പരാതിപ്പെടാം. കുട്ടികൾക്ക്‌ പ്രത്യേക കൗൺസലിങ്ങും ആവശ്യമെങ്കിൽ ചികിത്സയും നൽകും. ഫോൺ: 9656178000

വിമുക്തി പദ്ധതി പ്രകാരം സ്‌കൂളുകളിൽ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ‘തെളിവാനം വരയ്‌ക്കുന്നവർ’. ക്ലബ്ബുകൾവഴി ബോധവത്‌കരണ കഥകൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ വിതരണം ചെയ്യും. കഥകളിലൂടെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്‌കരണത്തിനൊപ്പം പ്രവർത്തനങ്ങളും നൽകും. ഒരു സ്‌കൂളിൽ മൂന്ന്‌ പുസ്‌തകങ്ങളാണ്‌ നൽകുക.

കോളേജ്‌ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായാണ്‌ ‘ശ്രദ്ധ’. വാർഡൻ, വിദ്യാർഥി പ്രതിനിധികൾ, എക്‌സൈസ്‌ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന കമ്മിറ്റിക്കായിരിക്കും ചുമതല. കാമ്പസുകളിലെ വിദ്യാർഥികൾക്കായുള്ളതാണ്‌ നേർക്കൂട്ടം. പ്രിൻസിപ്പൽ, ക്ലബ്‌ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ, എക്‌സൈസ്‌ ഉദ്യോഗസ്ഥർ എന്നിവരാണ്‌ നേർക്കൂട്ടത്തിലുണ്ടാകുക.

ലഹരിക്ക്‌ അടിമകളാകുന്നവരെയും ഇതിൽനിന്ന്‌ പിന്തിരിയാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കാൻ ജില്ലയിൽ ലഹരിവിമുക്തി കേന്ദ്രവുമുണ്ട്‌. ഒപി സേവനം, കൗൺസിലിങ്, മരുന്നുകൾ, മാനസികോല്ലാസത്തിനുള്ള സൗകര്യം, യോഗ, ലഹരിയിൽനിന്ന്‌ മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രത്യേക കരുതൽ എന്നിവ ലഭ്യമാണ്. പാലാ താലൂക്ക്‌ ആശുപത്രിയിലാണ്‌ സെന്റർ. ഡോക്‌ടർ, സോഷ്യൽ വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ എന്നിവരുടെ സേവനമുണ്ട്‌. ആഴ്‌ചയിൽ രണ്ടുതവണ സൈക്കാട്രിക്‌ ഡോക്‌ടറുടെ സേവനവും. പത്തുപേരെ കിടത്തി ചികിത്സിക്കാം. ഫോൺ: 6238600251