രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
58-വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. പാര്‍ലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാർ ആര്‍.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.