സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽ കല്ലാർക്കുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്പിൽവേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
ലോവർ പെരിയാറിൽ ജലസംഭരണ ശേഷിയുടെ നൂറ് ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. നിലവിൽ 226.01 ക്യൂസെക് വെള്ളമാണ് ഇവിടെ സ്പിൽ വേയിലൂടെ പുറത്ത് വിടുന്നത്. കല്ലാർക്കുട്ടി ഡാമിന്റെ ജലനിരപ്പ് 98.48 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ 181.59 ക്യൂസെക് വെള്ളവും തുറന്ന് വിടുന്നുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ 93.47 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇവിടെ 185.50 ക്യുസെക് വെള്ളമാണ് തുറന്ന് വിടുന്നത്.
ഇന്നും നാളെയും കേരളത്തിൽ മഴ കനക്കും. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണ് മഴയ്ക്കു കാരണം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം.
ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.