ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കൽ ജൂലായ് ഒന്നു മുതൽ താലൂക്ക് അടിസ്ഥാനത്തിലാക്കും. സംസ്ഥാനത്ത് 27 ആർ.ഡി.ഒ/സബ് കളക്ടർമാർ കൈകാര്യം ചെയ്തിരുന്ന തരംമാറ്റൽ മേൽനോട്ടം ഇനി മുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ടുമാരും 181 ക്ലാർക്കുമാരുമുണ്ടാവും.
വിവിധ ഓഫീസുകളിലെ 779 ഒ.എ മാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഇ-ഓഫീസ് സംവിധാനവും ശക്തമാക്കി.
ഓൺലൈൻ വഴി തരംമാറ്റത്തിനായി ലഭിച്ച 4,52,215 ലക്ഷം അപേക്ഷകളിൽ 1,78,620 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ഓൺലൈൻ സംവിധാനത്തിലൂടെ ഭൂമി തരംമാറ്റത്തിന് പ്രതിദിനം 400 ഓളം അപേക്ഷകൾ കിട്ടുന്നുണ്ട്. ആകെ ലഭിച്ച 4,26,902 ലക്ഷം കടലാസ് അപേക്ഷകളിൽ 98 ശതമാനവും തീർപ്പാക്കി. 3,660 അപേക്ഷകൾ മാത്രമാണ് തീർപ്പാവാനുള്ളത്.
ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ ആറ് മാസത്തേക്ക് നിയമിച്ചിരുന്നു. 340 വാഹനങ്ങളും അനുവദിച്ചു. ഐ. ടി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കൂടുതൽ അപേക്ഷകൾ തീർപ്പാവാനുള്ളത്. ലോക് സഭാ തിരഞ്ഞെടുപ്പ് ജോലികൾക്ക് റവന്യു ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവന്നതോടെ തരം മാറ്റ അപേക്ഷയുമായി ബന്ധപ്പെട്ട ജോലികൾ തടസപ്പെട്ടിരുന്നു. 25 സെന്റ് വരെയുള്ല സൗജന്യ തരംമാറ്റ കേസുകൾ പ്രത്യേക അദാലത്തുകൾ വഴി വേഗത്തിൽ തീർപ്പാക്കാൻ സൗകര്യമൊരുക്കി.