കാന്‍സര്‍ മരുന്നുകള്‍ക്കുള്ള ലാഭം ഒഴിവാക്കി, ‘സീറോ പ്രോഫിറ്റിൽ’ നൽകും; നിര്‍ണായക ഇടപെടലുമായി സർക്കാർ

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്.

വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ ‘ലാഭ രഹിത കൗണ്ടറുകള്‍’ ആരംഭിക്കും. ജൂലൈ മാസത്തില്‍ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുന്നതാണ്.

കാന്‍സര്‍ ചികിത്സാ, പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. സംസ്ഥാനത്ത് ആദ്യമായി ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.

കാന്‍സര്‍ പ്രിവന്റീവ് ക്ലിനിക്കുകള്‍ ആരംഭിച്ചു. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സാ സംവിധാനമൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാന്‍സറുകള്‍ക്ക് സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ നടപ്പിലാക്കി. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ‘സെര്‍വി സ്‌കാന്‍’ ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ആര്‍സിസിയില്‍ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റും സ്ഥാപിച്ചു. സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയര്‍ സംവിധാനമൊരുക്കി വരുന്നു. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം സംവിധാനമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു.

ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിന്‍ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് ആദ്യ വര്‍ഷം നടത്തി. 46,000ത്തിലധികം പേരെ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയമാക്കി. കാന്‍സര്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍, കാന്‍സര്‍ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടു കൂടി നൂതന കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുമെന്ന് മന്ത്രി പറഞ്ഞു.