വ്യോമസേനയിൽ അഗ്നിവീർ; പത്താം ക്ലാസ്/പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജൂലൈ 8 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.

വിദ്യാഭ്യാസ യോഗ്യത

സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലീഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്‌സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്‌സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.

സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/ തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്‌സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

ശാരീരിക യോഗ്യത

ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ, സ്ത്രീകൾക്ക്: 152 സെ.മി.

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്ചശക്തി വിവരങ്ങൾ വെബ്സൈറ്റിൽ

ശാരീരികക്ഷമത: പുരുഷൻ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട്‌സ് എന്നിവ പൂർത്തിയാക്കണം; സ്ത്രീ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ് അപ്, 15 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം.

പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

ഫീസ്: 550. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇൻ്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. ഒക്ടോബർ 18 മുതൽ ആയിരിക്കും ഓൺലൈൻ പരീക്ഷ. വിശദമായ വിജ്ഞാപനം  https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. സഹായത്തിനായി 9188431093 എന്ന നമ്പറിലും ബന്ധപ്പെടാം.